സ്‌പേസ് എക്‌സ് ക്രൂ-10 വിക്ഷേപണം വിജയകരം

ഹ്യൂസ്റ്റൺ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന യുഎസ് ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിന് തുടക്കം. സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യത്തിൻ്റെ ഭാഗമായി ഡ്രാഗൺ ബഹിരാകാശ പേടകത്തെ വഹിച്ചുകൊണ്ട് ഫാൽക്കൺ 9 റോക്കറ്റ് ഇന്ത്യന്‍ സമയം ഇന്ന് പുലർച്ചെ 4.33ന് വിക്ഷേപിച്ചു. ഒമ്പത് മാസത്തോളമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുകയാണ് ഇരുവരും.
നാസ ബഹിരാകാശ യാത്രികരായ ആൻ മക്ക്‌ലെയിൽ, നിക്കോൾ അയേഴ്‌സ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ്, ജാക്‌സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രിക തകുയ ഒനിഷി, എന്നിവരാണ് ദൗത്യത്തിൻ്റെ ഭാഗമായുള്ളത്. നാസയുടെ കൊമേഴ്‌ഷ്യൽ ക്രൂ പ്രോഗ്രാമിൻ്റെ 11-ാമത്തെ യാത്രയാണ് ക്രൂ-10.
കഴിഞ്ഞ വർഷം ജൂണ്‍ മുതലാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്‌എസിൽ കുടുങ്ങിക്കിടക്കുന്നത്. ഒരു ആഴ്‌ച മാത്രമുള്ള ദൗത്യത്തിൻ്റെ ഭാഗമായാണ് ഇവർ ബഹിരാകാശത്തേക്ക് പറന്നത്. എന്നാൽ സാങ്കേതിക തകരാറുകള്‍ കാരണം അവിടെ കുടുങ്ങിപ്പോവുകയായിരുന്നു.
ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ക്രൂ 9 സംഘത്തിലെ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10ൻ്റെ പ്രധാന ലക്ഷ്യം. ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചാല്‍ മാസങ്ങളായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരിച്ച് ഭൂമിയിലെത്തിക്കാനാകും.