ഇന്ത്യൻ സ്ത്രീകൾ വ്യാജ പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ല’; ഹൈക്കോടതി

തിരുവനന്തപുരം:ഇന്ത്യൻ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ലെന്ന് ഹൈക്കോടതി. വ്യക്തിവിരോധം തീർക്കുന്നതിനും നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ഫയൽ ചെയ്യപ്പെടുന്ന വ്യാജ ബലാത്സംഗ കേസുകളുടെ എണ്ണം വർദ്ധിക്കുന്നുവെ ന്നു0 ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് എടുക്കുമ്പോൾ ഈ വസ്തുത വിലയിരുത്തണമെന്ന് കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന അജിത്ത് എന്നയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി കൊണ്ടാണ് കോടതി ഉത്തരവ്. 2014 നടന്നു എന്നു പറയപ്പെടുന്ന സംഭവത്തിൽ 2019ലാണ് യുവതി പരാതി നൽകിയത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വ്യക്തമായതായി വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.നിരപരാധികൾക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ലൈംഗിക പീഡന പരാതികളിൽ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ലൈംഗിക പീഡനക്കേസിൽ കുറ്റാരോപിതനായ വ്യക്തിക്ക് മുൻകൂർജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെയായിരുന്നു സുപ്രധാന ഉത്തരവ്.
പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണം. പരാതി വ്യാജമെന്ന് കണ്ടാൽ പരാതിക്കാരിക്കെതിരെ കർശന നടപടിയെടുക്കണം. ഇക്കാര്യത്തിൽ തൊഴിൽപരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഭയപ്പെടേണ്ട. പൂർണ്ണമായ നിയമ സംരക്ഷണം ഉറപ്പുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.