ചെസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി തമിഴ്‌നാട്, എവറസ്റ്റ് ആരോഹണത്തിന് പത്ത് ലക്ഷം

ചെന്നൈ: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ചെസ് ഉള്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് ധനകാര്യമന്ത്രി തങ്കം തേനരശു. ഡിഎംകെ സര്‍ക്കാരിന്‍റെ അവസാന പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കായികമേഖലയ്ക്ക് സംസ്ഥാനത്ത് നിന്നുള്ള സംഭാവനകള്‍ മെച്ചപ്പെടുത്താന്‍ നിരവധി ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവജനക്ഷേമ-കായിക വികസന വകുപ്പിന് 562 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചെസിനെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തിയതിലൂടെ ഇനിയും ഇതിനെ മുന്നോട്ട് കൊണ്ടു വരാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തമിഴ്‌നാട് ലോകത്തിന്‍റെ ചെസ് തലസ്ഥാനമായി മാറുകയാണ്. രണ്ട് ലോക ചാമ്പ്യന്‍മാരെയും 31 ഗ്രാന്‍ഡ് മാസ്റ്ററുകളെയും സംസ്ഥാനം ഇതുവരെ സൃഷ്‌ടിച്ചു. ഈ വിജയം നിലനിര്‍ത്തുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചെസിന് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കി ഭാവിയില്‍ കൂടുതല്‍ ചാമ്പ്യന്‍മാരെ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. ഇതിനായി കായിക പാഠ്യ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ചെസിനെയും പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുകയാണ്.
സംസ്ഥാനസര്‍ക്കാര്‍ വിജയകരമായി പല ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. നാല്‍പ്പത്തി നാലാമത് ചെസ് ഒളിമ്പ്യാഡ് 2022, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023, ദക്ഷിണേഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍മെന്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് കപ്പ് 2023 തുടങ്ങിയ ഇതില്‍ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.