വ്യാജ രേഖ :പൊന്നാനിയിൽ മൂന്ന് ബംഗ്ലാദേശികൾ അറസ്റ്റിൽ –

0

മലപ്പുറം: വ്യാജരേഖ ചമച്ചെത്തിയ മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പൊന്നാനിയിൽ പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളെന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന സൈഫുൽ മൊണ്ടൽ (45), സാഗർ ഖാൻ (36), മുഹമ്മദ് യൂസഫ് (22) എന്നിവരാണ് പിടിയിലായത്. പശ്ചിമബംഗാൾ സ്വദേശികളെന്ന വ്യാജേന ആധാർ കാർഡുൾപ്പെടെയുള്ള വ്യാജരേഖകൾ ചമച്ചാണ് ഇവർ ജോലി ചെയ്‌തുവന്നിരുന്നത്.

ഒരു വർഷത്തോളമായി സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. അനധികൃതമായി അതിർത്തി കടന്ന് പശ്ചിമബംഗാളിലെത്തി അവിടെനിന്ന് ഏജ​ൻ്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിൻ്റെ നിർദേശത്തെത്തുടർന്ന് തിരൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിൽ പൊന്നാനി പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് ബംഗ്ലാദേശ് പൗരന്മാർ പിടിയിലാകുന്നത്.

ചില‍ർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിച്ചു വരുന്നവരാണ്. കൂലിപ്പണി ചെയ്‌താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയിരുന്നത്. ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്. കേരളത്തിൽ വിവിധയിടങ്ങളിൽ ബംഗ്ലാദേശികൾ താമസിക്കുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.

പൊന്നാനി പൊലീസ് ഇൻസ്പെക്‌ടർ ജലീൽ കറുത്തേടത്ത്, എസ്ഐ അരുൺ ആർ, യു ആനന്ദ്, പൊലീസുകാരായ പ്രശാന്ത് കുമാർ, എസ് സെബാസ്റ്റ്യൻ, മനോജ്, സബിത പി ഔസേപ്പ്, തീവ്രവാദ വിരുദ്ധ സേനാംഗങ്ങളും ചേർന്നാണ് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *