കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്;  കെ രാധാകൃഷ്‌ണൻ എംപിക്ക് EDസമൻസ്

0

 

തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ കെ രാധാകൃഷ്‌ണൻ എംപിക്ക് ഇ ഡി നോട്ടിസ്. കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് ഇഡിയുടെ നടപടി. കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് നിർദേശം. തിങ്കളാഴ്‌ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാൽ അദ്ദേഹം ഡൽഹിയിലാണ്. നോട്ടിസ് ലഭിച്ചതായി പിഎ അറിയിച്ചതായി കെ രാധാകൃഷ്‌ണൻ പ്രതികരിച്ചു. ഇന്നാണ് നോട്ടിസ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ നടക്കുന്ന കാലത്ത് സിപിഎമ്മിന്‍റെ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്‌ണൻ.

സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, മുൻ മന്ത്രി എ സി മൊയ്‌തീൻ എന്നിവരെയും ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കെ രാധാകൃഷ്‌ണൻ എംപിയെയും ഇഡി ചോദ്യം ചെയ്യുന്നത്. കരുവന്നൂർ കള്ളപ്പണക്കേസിൽ അന്തിമ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.അതേസമയം പ്രതി പട്ടികയിൽ പ്രമുഖർ ഉൾപ്പെടുമെന്ന സൂചനയും ഇഡി നൽകിയിരുന്നു. കരുവന്നൂർ കേസിൽ ബിനാമി വായ്‌പകളും ആവശ്യമായ ഗ്യാരണ്ടിയില്ലാത്ത വായ്‌പകളും സിപിഎം നിർദേശ പ്രകാരം വ്യാപകമായി അനുവദിച്ചുവെന്നാണ് ഇഡിയുടെ ആരോപണം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാർക്ക് പണം തിരികെ നൽകുമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് വ്യക്തമാക്കിയിരുന്നു.

ഇഡി പിടിച്ചെടുത്ത പണം വിതരണം ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ട് പിഎംഎൽ കോടതിയെ അഞ്ച് ഇടപാടുകാർ സമീപിച്ച കേസിൽ പണം തിരികെ നൽകുന്നതിൽ പരാതിയില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇഡി പിടിച്ചെടുത്ത 128 കോടിയോളം വരുന്ന തുക ബാങ്ക് വഴി പരാതിക്കാർക്ക് തിരികെ നൽകാനാണ് ഇഡിയുടെ നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *