ഹരിയാന കോൺഗ്രസ്സ് തകർച്ചയിലേയ്ക്ക് :തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും ബിജെപിക്കു നേട്ടം

0

ചണ്ടീഗഡ്‌ :നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിനു പിറകെ ഹരിയാന കോൺഗ്രസ്സിന് തിരിച്ചടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും.പത്തില്‍ ഒമ്പത് മേയര്‍ സ്ഥാനങ്ങളും ബിജെപികരസ്ഥമാക്കി . ഒന്ന് സ്വതന്ത്രനും. കോൺഗ്രസ്സ് -വട്ടപൂജ്യം.
പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളും ആസൂത്രണമില്ലായ്മയുമൊക്കെ അതേപടി തുടരുന്നുവെന്നാണ് മേയര്‍ തിരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നു .കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10ല്‍ അഞ്ച് സീറ്റും നേടിയപ്പോള്‍ ഹരിയാനയിലെ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്ന് എല്ലാവരും കരുതി. മാസങ്ങളുടെ ഇടവേളയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കടുത്ത ഭരണവിരുദ്ധ വികാരം നേരിട്ടിരുന്ന ബിജെപിയെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ വിധിയെഴുതി. പക്ഷേ ഫലം മറിച്ചായിരുന്നു. 90ല്‍ 48 സീറ്റും ബിജെപി സ്വന്തമാക്കിയപ്പോള്‍ നല്ലൊരു മത്സരം പോലും കാഴ്ചവെക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് 37 സീറ്റില്‍ ഒതുങ്ങി.
തിരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി നീക്കം തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് അന്ന് കൈപ്പിടിയിലായിരുന്ന ജയം തുലച്ചത്. മുതിര്‍ന്ന നേതാവ് ഭുപീന്ദര്‍ സിങ് ഹൂഡയെ കണ്ണടച്ച് വിശ്വസിച്ച ഹൈക്കമാന്‍ഡ് കടിഞ്ഞാണ്‍ അദ്ദേഹത്തെ തന്നെ ഏല്‍പ്പിച്ചു. ഇതോടെ, മറ്റൊരു സുപ്രധാന നേതാവായ കുമാരി ഷെല്‍ജയും സംഘവും ഇടഞ്ഞു. ഫലം തോല്‍വി.

ഉള്‍പാര്‍ട്ടി പോരും ആസൂത്രണമില്ലായ്മയും പരിഹരിക്കാന്‍ ദേശീയ നേതൃത്വം ഇത്രയും നാളായി ഒന്നും ചെയ്തില്ലെന്ന് വിമര്‍ശനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉള്‍പ്പെടെ ഉയരുന്നത്.

മുതിര്‍ന്ന നേതാവും ആറ് തവണ എംഎല്‍എയും ആയിരുന്ന സമ്പത് സിങ് പറയുന്നു, ‘നിര്‍ണായകമായ സമയമാണ് പാഴാകുന്നത്. സംഘടനാ സംവിധാനം എത്രയും വേഗം ശക്തിപ്പെടുത്തണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കണം’.

ഹരിയാനയിലെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സാധാരണ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാറില്ല. എന്നാല്‍ ഇക്കുറി പതിവിന് വിപരീതമായി കൈപ്പത്തി ചിഹ്നത്തിലാണ് എല്ലാ സ്ഥാനാര്‍ഥികളും വോട്ട് തേടിയത്. പാര്‍ട്ടി അനുഭാവികളുടെ വോട്ട് ഏകീകരിക്കാന്‍ കഴിയുമെന്നതായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ സ്വന്തം ചിഹ്നത്തില്‍ സംപൂജ്യരാകേണ്ടി വന്നത് കോണ്‍ഗ്രസിന് ഇരട്ടി നാണക്കേട് ആയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *