ഭക്തിസാന്ദ്രമായിഅനന്തപുരി; ആറ്റുകാല്‍ പൊങ്കാല ഇന്ന്

0

തിരുവനന്തപുരം : ആത്മസമർപ്പണത്തിൻ്റെ നിറഞ്ഞ നൈവേദ്യവുമായി തലസ്ഥാനം ഭക്തിസാന്ദ്രം .സ്‌ത്രീകളുടെ ഉത്സവമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ഥന നടത്താന്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് തിരുവനന്തപുരം നഗരത്തിലെത്തിയിരിക്കുന്നത്. രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക.

10.15ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്‌ക്ക് 1.15ന് ഉച്ചപൂജയ്‌ക്ക് ശേഷമാണ് പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കുക. കണ്ണകി ചരിതത്തിലെ പാണ്ഡ്യ രാജാവിന്‍റെ വധം പാടി മാര്‍ച്ച് 5 മുതല്‍ ക്ഷേത്രനടയില്‍ നടക്കുന്ന തോറ്റം പാട്ട് കലാകാരന്മാര്‍ പാടി അവസാനിപ്പിക്കും. തോറ്റം പാട്ട് അവസാനിച്ചാലുടന്‍ ശ്രീ കോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് തന്ത്രി കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലും പൊങ്കാല അടുപ്പുകളില്‍ ഇതില്‍ നിന്ന് ദീപം പകരും.

ശേഷം സഹമേല്‍ശാന്തി ഇതേറ്റുവാങ്ങി പണ്ടാര അടുപ്പിൽ പകരും. ഇതോടെ പൊങ്കാല വിളമ്പരമായി കരിമരുന്ന് പ്രയോഗവും വ്യോമസേനയുടെ പുഷ്‌പവൃഷ്‌ടിയും ക്ഷേത്രവളപ്പില്‍ നടക്കും. ക്ഷേത്രത്തില്‍ നിന്നും കൊളുത്തുന്ന ദീപം നഗരത്തിലെ നിരനിരയായി തയ്യാറായ പൊങ്കാല കലങ്ങള്‍ക്ക് അഗ്നിപകരും.സംസ്ഥാനത്ത് വേനല്‍ ചൂട് കടുത്ത സാഹചര്യത്തില്‍ ഭക്തര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളോ മറ്റ് അപകടങ്ങളോ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും അധികൃതര്‍ എടുത്തിട്ടുണ്ട്. പൊങ്കാലയിടുമ്പോള്‍ ഉണ്ടായേക്കാവുന്ന പൊള്ളല്‍ അടക്കമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഭക്തര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളമെത്തിക്കാനായി നാൽപ്പതോളം ടാങ്കര്‍ ലോറികളുടെ സേവനമുണ്ടായിരിക്കും. 9446677838 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ഭക്തര്‍ക്ക് കുടിവെള്ളമുള്‍പ്പെടെയുള്ള സേവനങ്ങള്‍ തേടാം.

പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചുള്ള പൊങ്കാല മഹോത്സവമാണ് ഇത്തവണ. പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും കരുതണമെന്ന് ശുചിത്വ മിഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. നിരോധിത പ്ലാസ്റ്റിക് വസ്‌തുക്കള്‍ കരുതിയാല്‍ ഇത് പിടികൂടി പിഴ ചുമത്തിയ ശേഷം ഇവര്‍ക്ക് സ്റ്റീല്‍ ഗ്ലാസും പ്ലേറ്റും അധികൃതര്‍ തന്നെ കൈമാറും. പ്ലാസ്റ്റിക്കിൻ്റെ അളവനുസരിച്ചാകും പിഴ. 200 ഗ്രീന്‍ ആര്‍മി വളണ്ടിയര്‍മാരെ ഹരിത പൊങ്കാല ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *