ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് അനന്തപുരി ഒരുങ്ങി !

0

തിരുവനന്തപുരം: നഗരത്തിലെ പ്രസിദ്ധ ക്ഷേത്രമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക മഹോത്സവമായ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായും ലക്ഷണക്കിന് ഭക്തരാണ് നാളെ പൊങ്കാലയർപ്പിക്കാൻ തലസ്ഥാനത്ത് എത്തുക. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.

നാളെ രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിൽ അടുപ്പ് വെട്ടിയ ശേഷം പണ്ടാരയടുപ്പിൽ തീകൊളുത്തുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും. ദേവിയെ പാടി കുടിയിരുത്തിയ ശേഷം പണ്ടാര അടുപ്പിലേക്കു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടാകും തീ പകരുക. ഇതോടെ ക്ഷേത്ര പരിസരത്തു നിന്ന് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീപടരും.
നാളെ ഉച്ചയ്‌ക്ക് 1.15 ന് നിവേദിക്കും. തുടർന്ന് രാത്രി 7.45ന് കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. രാത്രി 11.15ന്‌ പുറത്തെഴുന്നള്ളിപ്പും വെള്ളി രാവിലെ എട്ടിന്‌ അകത്തെഴുന്നള്ളിപ്പും നടക്കും. രാത്രി 10ന്‌ കാപ്പഴിക്കും. രാത്രി ഒന്നിന്‌ കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന്‌ സമാപനമാകും.

ആറ്റുകാൽ പൊങ്കാലയെ മാതൃകയാക്കി കേരളത്തിനകത്തും പുറത്തും ചെറുതും വലുതുമായ മറ്റനേകം ക്ഷേത്രങ്ങളിൽ പൊങ്കാല നടന്നു വരുന്നുണ്ട്. സ്‌ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ ദേവി ക്ഷേത്രം അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ സ്‌ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്.പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സുസജ്ജമായ മെഡിക്കൽ ടീമുകൾക്ക് പുറമേ ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകൾ ആരംഭിച്ചു വരുന്നു.

സൂര്യാതപം പോലുള്ള പ്രശ്‌നങ്ങൾ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളർ, ഫാൻ, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ളൂയിഡ്, ഒആർഎസ്, ക്രീമുകൾ എന്നിവ ഈ ക്ലിനിക്കുകളിലുണ്ടാകും. ഉയർന്ന ചൂട് കാരണം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഈ ക്ലിനിക്കുകളുടെ സേവനം തേടാം.

കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്‌ത്രീകള്‍ പൊങ്കാലയ്ക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊങ്കാല ദിവസം ആരോഗ്യ വകുപ്പിലെ ഡോക്‌ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ ആംബുലൻസ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും. ഐഎംഎയുടെ മെഡിക്കൽ ടീമുകളും മറ്റ് വിഭാഗങ്ങളുടെ മെഡിക്കൽ ടീമുകളും വിവിധ സ്ഥലങ്ങളിൽ വൈദ്യ സഹായം നൽകും. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിക്കും.

ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രവർത്തിക്കും. ഇത് കൂടാതെ നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലും പ്രത്യേക കിടക്കകളും അത്യാഹിത ചികിത്സ നൽകാൻ ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ക്രമീകരിക്കാൻ നിർദേശം നൽകി.

കനിവ് 108ന്‍റെ 11 ആംബുലൻസുകൾ, ബൈക്ക് ഫസ്റ്റ് റസ്പോണ്ടർ, ഐസിയു ആംബുലൻസ്, മറ്റ് വകുപ്പുകളുടെ 10 ആംബുലൻസുകൾ, സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കൺട്രോൾ റൂം, പ്രത്യേക സ്‌ക്വാഡുകൾ എന്നിവയും പ്രവർത്തിച്ചു വരുന്നു.

അന്നദാനം നടത്തുന്നവർക്കുൾപ്പെടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ രജിസ്ട്രേഷൻ നിർബന്ധമാണ്. ക്ഷേത്ര പരിസരത്ത് സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ ലാബിന്‍റെ പ്രവർത്തനവും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.

പൊങ്കാലയ്‌ക്ക് എത്തുന്ന ഭക്തര്‍ നിര്‍ബന്ധമായും ഇക്കാര്യം ശ്രദ്ധിക്കുക

  • സംസ്ഥാനത്താകെ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിർജലീകരണം സംഭവിക്കാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്കി മാറി വൈദ്യസഹായം തേടണം.
    കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്
    നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നതിനായി തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കണം
    ജലാംശം കൂടുതലുള്ള പഴവർ​ഗങ്ങൾ കഴിക്കുന്നത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ സഹായിക്കും
    ഇടയ്ക്കിടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
    കുട്ടികളെ തീയുടെ അടുത്ത് നിന്നും മാറ്റി നിർത്തണം
    സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക
    കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം
    പൊങ്കാല ഇടുമ്പോള്‍ ഇക്കാര്യം പ്രത്യേക ശ്രദ്ധിക്കുക
    പൊങ്കാല അര്‍പ്പിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്
  • തീ പിടിക്കുന്ന രീതിയിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്
    ചുറ്റുമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
    തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
    വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണയ്ക്കുക.
    അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.
    തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം
    പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
    ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
    പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *