മികച്ച താടിക്കാരനെ തേടി കേരള ബിയേഡ് ചാമ്പ്യന്‍ഷിപ്പ്: രജിസ്ട്രേഷന്‍ നാളെ മുതല്‍ –

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച താടിക്കാരനെ തേടി കേരള ബിയേഡ് ചാമ്പ്യന്‍ഷിപ്പ് വരുന്നു. ലോങ് ബിയേഡ്, ഗ്രൂമ്ഡ് ബിയേഡ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ബിയേഡ് എന്നീ വിഭാഗങ്ങളിലാണ് കേരളത്തിലെ മികച്ച താടിക്കാരെ കണ്ടെത്താനുള്ള കേരള ബിയേഡ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായി നടക്കുന്ന മത്സരത്തിൻ്റെ രജിസ്‌ട്രേഷന്‍ നാളെ (മാര്‍ച്ച് 12) മുതല്‍ ആരംഭിക്കുമെന്ന് പരിപാടിയുടെ മുഖ്യ സംഘാടകനും നടനുമായി ക്രിസ് ഗോപാലകൃഷ്‌ണൻ പറഞ്ഞു. മേഖലകള്‍ തിരിച്ച് താടിക്കാരുടെ കൂട്ടായ്‌മ രൂപീകരിച്ച ശേഷം മൂന്ന് വിഭാഗങ്ങളില്‍ മികച്ച താടിക്കാരെ കണ്ടെത്തും. പരിപാടിയുടെ തീയതി രജിസ്‌ട്രേഷന്‍ ആരംഭിച്ച ശേഷമാകും തീരുമാനിക്കുക.ലഹരി ബോധവത്‌ക്കരണം ഉള്‍പ്പെടെയുള്ള സന്ദേശം ഉയര്‍ത്തിയുള്ള സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരള ബിയേഡ് ക്ലബ്, കേരള ബിയേഡ് സൊസൈറ്റി, വട്ടിയൂര്‍കാവ് യൂത്ത് ബ്രിഗേഡ് എന്നീ സംഘടനകള്‍ സംയുക്തമായി നടത്തുന്ന മിസ്റ്റര്‍ താടിക്കാരന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനകാര്‍ക്ക് ലോക താടി ചാമ്പ്യന്‍ഷിപ്പിന് സമാനമായ ക്യാഷ് പ്രൈസുമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.