വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശലഭ ഉദ്യാനങ്ങൾ; സര്‍ക്കാര്‍ ഉദ്യമത്തില്‍ കൈകോര്‍ത്ത് സന്നദ്ധ സംഘടനകളും

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സന്നദ്ധ സേനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശലഭ ഉദ്യാനങ്ങൾ നിർമിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രകൃതി സൗഹൃദവും ആകർഷകവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി ഇടുക്കി രാമക്കൽമേട്ടിൽ ശലഭ ഉദ്യാനം നിർമിച്ചു.
പൊതു ഭരണ വകുപ്പിന് കീഴിലെ സാമൂഹിക സന്നദ്ധ സേനയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശലഭ ഉദ്യാനങ്ങൾ നിർമ്മിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളെ കോർത്തിണക്കി കൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഇടുക്കിയിൽ ബാലഗ്രാം ജവഹർലാൽ നെഹ്റു കോളജിലെ എൻഎസ്എസ് യൂണിറ്റുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുമ്പ് ഉണ്ടായിരുന്ന പ്രകൃതി ഭംഗി അതേപടി നിലനിർത്തുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലുള്ളത്. ഇതിനോടൊപ്പം കൂടുതൽ സഞ്ചാരികളെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.