തിരുവനന്തപുരം മൃഗശാലയിൽ ചത്ത മ്ലാവിന് പേവിഷബാധ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കഴിഞ്ഞ ദിവസം ചത്ത മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മ്ലാവ് വർഗത്തിൽപ്പെട്ട സാമ്പാർ ഡിയർ ചത്തത്. തിങ്കളാഴ്ച മൃഗശാലയിൽ വച്ച് നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയ്ക്കു ശേഷം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിൽ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
മ്ലാവുമായി അടുത്തു ഇടപഴകിയ ജീവനക്കാർക്കെല്ലാം പോസ്റ്റ് ഏസ്പോഷർ ആന്റി റാബീസ് വാക്സിൻ നൽകും. മ്ലാവിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃഗങ്ങൾക്കും അടിയന്തരമായി ആന്റി റാബീസ് വാക്സിൻ നൽകാനും തീരുമാനിച്ചു. ഇതിനായി വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ ടീമിനേയും രൂപീകരിച്ചു. മൃഗങ്ങൾക്കുള്ള വാക്സിനേഷൻ ഇന്നാരംഭിക്കും.ബയോ സെക്യൂരിറ്റി മേഖലയായതിനാൽ മ്യൂസിയം പരിധിയിലെ തെരുവു നായ്ക്കളെ പിടികൂടി മാറ്റി പാർപ്പിക്കുന്നതിനു തിരുവനന്തപുരം നഗരസഭയ്ക്ക് മൃഗശാല കത്ത് നൽകും. പേവിഷബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.