ആനയോട്ടത്തിൽ ഗുരുവായൂർ ബാലു ജേതാവ്

തൃശൂർ:ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ആനയോട്ടത്തിൽ ഗുരുവായൂർ ബാലു ജേതാവായി. കിഴക്കേഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പില്‍ പ്രവേശിച്ച ബാലുവിനെ വിജയിയായി പ്രഖ്യാപിച്ചു. ബാലു, ചെന്താമരാക്ഷൻ, ദേവി ദേവദാസ്, നന്ദൻ എന്നീ ആനകളാണ് മുൻനിരയിൽ ആനയോട്ടത്തിൽ പങ്കെടുത്തത്.
ആവേശക്കുതിപ്പിൽ കിഴക്കേഗോപുരം കടന്ന് ക്ഷേത്രത്തിൽ പ്രവേശിച്ച ബാലു ആചാരപ്രകാരമുള്ള ഏഴു പ്രദക്ഷിണം വെച്ച് ഗുരുവായൂരപ്പനെ വണങ്ങി ചടങ്ങ് പൂർത്തിയാക്കി. ഉത്സവച്ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ ഇന്ന് മുതൽ ആരംഭിക്കുന്ന ശ്രീഭൂതബലി എഴുന്നള്ളിപ്പിന് ബാലുവാണ് ഭഗവാൻ്റെ തങ്കത്തിടമ്പേറ്റുക.
സാധാരണ തൃക്കണാമതിലകത്തു നിന്നാണത്രെ ആനകളെ ഗുരുവായൂരിൽ എത്തിക്കാറുള്ളത്. എന്നാൽ ഒരിക്കൽ സാമൂതിരി, കൊച്ചി രാജാവുമായി നീരസത്തിലായി. അതിനാൽ അത്തവണ ഉത്സവത്തിന് ആനകള്‍ എത്തിയില്ല. അന്നേ ദിവസം ഉത്സവാരംഭ ദിവസം രാവിലെ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണത്രെ നടത്തിയത്.
എന്നാൽ ഉത്സവത്തിൻ്റെ അന്ന് പന്തീരടിയോടടുത്ത സമയത്തു തൃക്കണാമത്തിലകത്തെ ആനകളെല്ലാം തന്നെ ഗുരുവായൂർക്കു സ്വമേധയാ ഓടിവരികയുണ്ടായി എന്നാണ് പറയപ്പെടുന്നത്. അന്ന് സന്ധ്യക്ക് മുൻപ് എല്ലാ ആനകളും ഗുരുവായൂരിലെത്തിയെന്നും ഇതാണ് പിൽക്കാലത്ത് ആചാരമായി തുടർന്നത് എന്നുമാണ് ഐതിഹ്യം.ഇന്നും ഗുരുവായൂരിലെ ഉത്സവാരംഭ ദിവസം ആദ്യ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണ് നടത്തുന്നത്. ഗുരുവായൂരപ്പൻ്റെ പ്രേരണയാൽ പണ്ടൊരിക്കൽ ആനകൾ സ്വമേധയാ ഓടിവന്നതിൻ്റെ സ്‌മരണ നിലനിർത്താനാണ് ആനയോട്ടം ഒരു ചടങ്ങായി നടത്തുന്നത്. ഉത്സവം കൊടികയറുന്ന ദിവസം ഉച്ചതിരിഞ്ഞ് കൃത്യം മൂന്നു മണിക്ക് ദേവസ്വത്തിലെ ആനകളെ മഞ്ജുളാൽ പരിസരത്തുനിന്നും ക്ഷേത്രത്തിലേക്ക് മത്സരിച്ചു ഓടിക്കുന്ന ചടങ്ങാണ് ആനയോട്ടം.