നീറ്റ് യുജി 2025; അപേക്ഷിക്കാന്‍ സമയം നീട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍

0

ന്യൂഡല്‍ഹി: 2025 മെയ് നാലിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് യുജി പരീക്ഷ. ഈ മാസം ഏഴ് വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി. ഈ സമയത്ത് 23 ലക്ഷം വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചു. പക്ഷേ രജിസ്ട്രേഷന് കുറച്ച് സമയം നീട്ടി നല്‍കണമെന്ന ആവശ്യവുമായി ചില വിദ്യാര്‍ത്ഥികള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.പന്ത്രണ്ടാംതരം പരീക്ഷയായിരുന്നതിനാല്‍ തങ്ങള്‍ക്ക് അപേക്ഷ നല്‍കാനായില്ലെന്ന് ചില കുട്ടികള്‍ പറയുന്നു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അനുവദിച്ച സമയത്തിനുള്ളില്‍ ഔപചാരികമായ മുഴുവൻ കാര്യങ്ങ ളും പൂര്‍ത്തിയാക്കാനായില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ആധാറിലെയും മറ്റ് രേഖകളിലെയും തെറ്റ് തിരുത്തല്‍ അടക്കമുള്ള നടപടികള്‍ നടത്താനാണ് സാധിക്കാതെ പോയത്. അതേസമയം അപേക്ഷ നല്‍കാനുള്ള സമയം നീട്ടി നല്‍കില്ലെന്ന് മാര്‍ച്ച് അഞ്ചിന് തന്നെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കിയിരുന്നു.23 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചത്. തെറ്റ്തിരുത്തല്‍ വിന്‍ഡോ ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാളെ വരെ തെറ്റുകള്‍ തിരുത്താനാകും. വിദ്യാര്‍ത്ഥികള്‍ക്കും പേരിലും യോഗ്യതയിലുമെല്ലാം മാറ്റം വരുത്താം. നാളെ രാത്രി 11.50 വരെയാണ് ഇതിന് അവസരമുണ്ടാകുക. മാതാപിതാക്കളിലൊരാളുടെ പേര് തിരുത്താനും സാധിക്കും. സംസ്ഥാനം, വിഭാഗം, ഉപവിഭാഗങ്ങള്‍, ഒപ്പ്, നീറ്റ് യുജി ശ്രമങ്ങള്‍ എന്നിവയടക്കം മാറ്റാം. പിന്നീട് ഭാഷയിലും മാറ്റം വരുത്താനാകും. പരീക്ഷാ കേന്ദ്രവും തന്‍റെ താമസസ്ഥലവും സ്ഥിരം താമസയിടവും അനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.കഴിഞ്ഞ പത്ത് വര്‍ഷമായി നീറ്റ് യുജി അപേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇക്കൊല്ലം ഇതിന് ഒരു അപവാദം ഉണ്ടായി. 2015ല്‍ കേവലം 3.74 വിദ്യാര്‍ത്ഥികളാണ് നീറ്റിന് അപേക്ഷിച്ചത്. പിന്നീടിങ്ങോട്ട് ഇതില്‍ വര്‍ദ്ധനയുണ്ടായി. 2020ല്‍ ഇത് 15.97 ലക്ഷത്തിലെത്തി. 2024ല്‍ 24.06 ലക്ഷം എന്ന റെക്കോര്‍ഡിലെത്തി. 2025ലും അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രജിസ്ട്രേഷന്‍ കേവലം 23 ലക്ഷത്തിലേക്ക് ചുരുങ്ങി. പത്ത് വര്‍ഷം തുടര്‍ച്ചയായി വര്‍ദ്ധിച്ച ശേഷമാണിത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം വിദ്യാർഥികളുടെ കുറവാണ് ഇക്കുറി രജിസ്ട്രേഷനില്‍ ഉണ്ടായത്. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണം ഇനിയും കുറയുമെന്ന് വിദഗ്‌ധർ പറയുന്നു.

ഈ വർഷം മുഴുവൻ 1.20 ലക്ഷം എംബിബിഎസ് സീറ്റുകളാണുള്ളത്. അതിനാൽ ഓരോ സീറ്റിലേക്കും ഏകദേശം 19 ഉദ്യോഗാർഥികൾ തമ്മിൽ മത്സരം ഉണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *