‘രേഖാ ചിത്രം ‘ ‘മമ്മൂട്ടി’യിലൂടെ ജനശ്രദ്ധനേടുന്നു …പടം ഹിറ്റ് !

എറണാകുളം: സിനിമ ‘രേഖാചിത്രം’ ഒടിടി റിലീസായതിന് പിന്നാലെ സാമൂഹ്യ മാധ്യമത്തിൽ ശ്രദ്ധാകേന്ദ്രമായി സിനിമയിലെ മമ്മൂട്ടി. വർഷങ്ങള്‍ക്ക് പിന്നിലെ മമ്മൂട്ടിയെ എങ്ങനെ സ്‌ക്രീനിൽ കൊണ്ടുവന്നു എന്ന ചോദ്യം എത്തി നിൽക്കുന്നത് ട്വിങ്കിൾ സൂര്യ എന്ന കലാകാരനിലാണ്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചലച്ചിത്രം രേഖാചിത്രം കഴിഞ്ഞ ദിവസം മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
തിയേറ്ററുകളിൽ നിന്നും സിനിമയ്‌ക്ക് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ഒടിടി പ്രേക്ഷകരിൽ നിന്നും രേഖാചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ മെഗാസ്റ്റാർ മമ്മൂട്ടിയെ അതിഥി താരമായി വന്നിട്ടുണ്ട്. രേഖാചിത്രത്തിൻ്റെ ഡിജിറ്റൽ റിലീസിനു ശേഷം എഐ സാങ്കേതികവിദ്യയിലൂടെ സൃഷ്‌ടിച്ച മമ്മൂട്ടിയുടെ കഥാപാത്രമായ മമ്മൂട്ടി ചേട്ടനാണ് ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ ട്രെൻഡ്.
കാതോട് കാതോരം എന്ന പഴയ ചലച്ചിത്രത്തിലെ മമ്മൂട്ടിയുടെ രൂപസാദൃശ്യത്തിനു വേണ്ടി 20 കിലോയിൽ അധികം ഭാരം ട്വിങ്കിൾ കുറച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് പ്രശസ്‌തനായ കലാകാരനാണ് ട്വിങ്കിൾ സൂര്യ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത ട്വിങ്കിളിൻ്റെ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ മമ്മൂട്ടിയെ അവതരിപ്പിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചത്.രേഖാചിത്രം റിലീസ് ചെയ്‌ത് ഒടിടിയിൽ എത്തുന്നതുവരെ എഐ മമ്മൂട്ടിയുടെ മുഖത്തിന് പിന്നിലെ കലാകാരനെ അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നില്ല. എന്തായാലും ട്വിങ്കിൾ സൂര്യയാണ് ഇന്നത്തെ താരം.
“തന്നെ കണ്ട ഉടനെ സംവിധായകൻ 20 കിലോ ഭാരം കുറയ്‌ക്കാനാണ് ആവശ്യപ്പെട്ടത്. എനിക്ക് 89 കിലോയിൽ അധികം ഭാരം ഉണ്ടായിരുന്നു. കാതോട് കാതോരം എന്ന സിനിമയിലെ മമ്മൂട്ടിയുടെ രൂപ സാദൃശ്യത്തിലേക്ക് എത്താൻ 20 മുതൽ 25 കിലോ വരെ ഭാരം കുറയ്‌ക്കണം. കൃത്യമായ ഡയറ്റിംഗും എക്‌സർസൈസും കൊണ്ട് ഓരോ ദിവസവും എൻ്റെ ഭാരം കുറഞ്ഞുവന്നു.” ട്വിങ്കിൾ സൂര്യ പറഞ്ഞു.
ഓരോ ദിവസത്തെയും മാറ്റം സംവിധായകന് അയച്ചുകൊടുക്കും. ഒടുവിൽ ഒരു പ്രത്യേക ദിവസം ഇത് മതി എന്ന് സംവിധായകൻ നിർദേശിച്ചു. പിന്നീട് ഒരു ട്രെയിനറുടെ സഹായത്തോടെ മമ്മൂട്ടിയുടെ ചേഷ്‌ടകൾ പഠിക്കാൻ ആരംഭിച്ചു. നേരത്തെ പറഞ്ഞല്ലോ മിമിക്രി അല്ല വേണ്ടത്, ഒറിജിനൽ മമ്മൂട്ടി എങ്ങനെയാണോ അതുപോലെ എൻ്റെ ചലനങ്ങൾ സംഭവിക്കണം.
മമ്മൂട്ടി സാറിൻ്റെ ഒരുപാട് ഇൻ്റർവ്യൂകൾ അതിനു വേണ്ടി കണ്ടു. അദ്ദേഹം നോർമൽ രീതിയിൽ നടക്കുന്നത് പല വീഡിയോകൾ നോക്കി പഠിച്ചു. മമ്മൂട്ടിയുടെ കൃത്യമായ നടത്തം ഉൾക്കൊള്ളാനാണ് ഏറെ ബുദ്ധിമുട്ടിയത്. അരുൺ പെരുമ്പാവൂർ എന്നൊരു കലാകാരനാണ് എന്നെ ട്രെയിൻ ചെയ്‌തത്. എങ്കിലും മമ്മൂട്ടിയെ അവതരിപ്പിക്കാൻ എനിക്ക് വല്ലാത്ത ഭയമുണ്ടായിരുന്നു. ഷൂട്ടിങ് ദിവസം വരെയും സത്യത്തിൽ കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. പലപ്പോഴും പിന്മാറിയാലോ എന്ന് ചിന്തിച്ചു. പക്ഷേ സിനിമയുടെ അണിയറ പ്രവർത്തകരുടെ പിൻബലത്തോടെ ഈ ദൗത്യം ഞാൻ ഏറ്റെടുക്കുകയായിരുന്നു.