ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ പൂര്‍ണമായും നശിപ്പിക്കുമെന്ന് ഹമാസിന് ട്രംപിൻ്റെ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ : ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസിന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഇസ്രയേലിന് ആവശ്യമുള്ള സഹായമെല്ലാം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
ഗാസയില്‍ നിന്ന് ഹമാസ് ഒഴിയണമെന്നും തന്‍റെ വാക്കു ധിക്കരിച്ചാല്‍ ഹമാസിന് വലിയ വില നല്‍കേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്‍റെ അന്ത്യശാസനം.
‘എല്ലാ ബന്ദികളെയും ഇപ്പോള്‍ തന്നെ വിട്ടയക്കണം. നിങ്ങള്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ മുഴുവന്‍ തിരികെയെത്തിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ തീര്‍ന്നെന്ന് കരുതിക്കോളൂ’ -മോചിപ്പിക്കപ്പെട്ട ബന്ദികളെ സന്ദര്‍ശിച്ച ശേഷം ടൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
‘ഇത് നിങ്ങള്‍ക്കുള്ള അവസാന മുന്നറിയിപ്പാണ്. ഇത് ഹമാസ് നേതൃത്തത്തിന് ഗാസ വിടാനുള്ള സമയമാണ്. ഇപ്പോഴും നിങ്ങള്‍ക്ക് അവസരമുണ്ട്’ -ട്രംപ് കൂട്ടിച്ചേര്‍ത്തു.’ഗാസയിലെ ജനങ്ങളോട്, മനോഹരമായൊരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു. പക്ഷേ ബന്ദികളെ നിങ്ങള്‍ മോചിപ്പിക്കാതെ തടഞ്ഞുവയ്‌ക്കുകയാണെങ്കില്‍ അങ്ങനെയായിരിക്കില്ല, നിങ്ങള്‍ തീര്‍ന്നു’ -ട്രംപ് പറഞ്ഞു.
ഒക്ടോബർ 7 ലെ ആക്രമണത്തിൽ പിടിച്ച ശേഷിക്കുന്ന ബന്ദികളെ ഹമാസ് കൈമാറിയില്ലെങ്കിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ട്രംപിന്‍റെ അന്ത്യശാസനം.