15 ദിവസത്തിനുള്ളില്‍ 4 ദുബായ് യാത്രകള്‍: രന്യ റാവുവിൻ്റെ സ്വർണ്ണക്കടത്ത് യാത്രയിൽ അന്യേഷണം ശക്തം

ബംഗളുരു: പതിനഞ്ച് ദിവസത്തിനുള്ളിൽ നാല് ദുബായ് യാത്രകൾ, കടത്തിയത് 14 കിലോയോളം സ്വർണ്ണം. യാത്രകളെല്ലാം സുഗമമാക്കിയത് IPSകാരൻ്റെ മകളെന്ന പദവി. കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോർപ്പറേഷനിൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആയി സേവനമനുഷ്ഠിക്കുന്ന മുതിർന്ന ഐപിഎസ് ഓഫീസർ രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ.
സ്വർണ്ണകടത്ത് കേസിൽ പിടിയിലായതിന് പിന്നാലെ കന്നഡ നടി രന്യ റാവുവിന്റെ വീട്ടിൽ നിന്ന് 2.06 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി സ്വർണവും ഡിആർഐ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് 12.56 കോടി വിലമതിക്കുന്ന 14.2 കിലോ സ്വർണ്ണം കടത്തുന്നതിനിടയിൽ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് രന്യ പിടിയിലാവുന്നത്.
ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ എത്തിയ നടിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി അറസ്റ്റിലായതിനെത്തുടർന്ന് രന്യയെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഹാജരാക്കി, കോടതി രന്യയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കയാണ് നിലവിൽ. തുടർന്ന് രന്യയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് പണവും സ്വർണ്ണവും കണ്ടെത്തിയത്. രന്യയുടെ രണ്ടാനച്ഛന് വർഷങ്ങൾക്ക് മുമ്പ് നടന്ന സ്വർണ്ണകടത്ത് കേസുമായി ബന്ധമുള്ളതായും റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് സ്വർണ്ണകടത്ത് നടത്തിയ വാഹനത്തിലായിരുന്നു രന്യയുടെ പിതാവിനെ സംശയാസ്പദമായി കണ്ടെത്തിയത്.
ആവർത്തിച്ചുള്ള അന്താരാഷ്ട്ര യാത്രകൾ കണക്കിലെടുത്ത് രന്യ നിരീക്ഷണത്തിലായിരുന്നുവെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ അവർ നാല് തവണ ദുബായിലേക്ക് യാത്ര ചെയ്തതായി അധികൃതർ കണ്ടെത്തി. ഇതാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സംശയം ജനിപ്പിച്ചത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ രന്യയെ ലക്ഷ്യമിട്ട് ഒരു ഓപ്പറേഷൻ ആവിഷ്കരിച്ചിരുന്നു, ഇതാണ് രന്യയുടെ അറസ്റ്റിലേക്ക് നയിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് റാക്കറ്റുകള്‍ സജീവമായതിനാല്‍ ഇവരുമായി രന്യയ്ക്ക് ബന്ധമുണ്ടോയെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
കള്ളക്കടത്ത് നടത്തിയ സ്വർണ്ണത്തിന്റെ വലിയൊരു ഭാഗം അവരുടെ ജാക്കറ്റിനുള്ളിൽ ആണ് ഒളിപ്പിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. പരിശോധനയില്‍ ദേഹത്ത് ധരിച്ചിരുന്ന ബെല്‍റ്റിലും മറ്റ് ശരീരഭാഗങ്ങളിലും രന്യ സ്വര്‍ണം ഒളിപ്പിച്ചത് അന്വേഷണ സംഘം കണ്ടെത്തി. കസ്റ്റംസ് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ അവർ തന്റെ ബന്ധങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. വിമാനത്താവളത്തിൽ നിന്ന് എസ്കോർട്ട് ഉറപ്പാക്കാൻ രന്യ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായും പറയുന്നു. സംഭവത്തിൽ പിതാവ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കേസിൽ ബന്ധമുണ്ടോ എന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്. അറസ്റ്റിനുശേഷം, ബെംഗളൂരുവിലെ എച്ച്ബിആർ ലേഔട്ടിലുള്ള ഡിആർഐ ആസ്ഥാനത്ത് എത്തിച്ച് രന്യയെ ചോദ്യം ചെയ്തു. മാണിക്യ, പാതകി, വാഗാ തുടങ്ങി നിരവധി കന്നഡ, തമിഴ് സിനിമകളിൽ രന്യ അഭിനയിച്ചിട്ടുണ്ട്.