‘ശരപഞ്ജരം’ പുതിയ സാങ്കേതിക മികവിൽ വീണ്ടും …

ജയന്‍ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശരപഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ, റീമാസ്റ്റേര്‍ഡ് വേര്‍ഷനില്‍ ഏപ്രില്‍ 25-ന് വീണ്ടും തീയേറ്ററിലെത്തുന്നു. ഹരിഹരന്‍, മലയാറ്റൂര്‍, ജയന്‍ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റര്‍പ്രൈസസ് ആണ് തീയേറ്ററിലെത്തിക്കുന്നത്.
നാലര ദശാബ്ദങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ചലച്ചിത്രപ്രേമികളെ ഹര്‍ഷ പുളകിതരാക്കിയ ശരപഞ്ജരം എന്ന ചിത്രം, വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നത് കാണാന്‍, പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.മലയാള ചലച്ചിത്ര ചരിത്രത്തില്‍ നവതരംഗങ്ങള്‍ സൃഷ്ടിച്ച ഈ ചിത്രം പതിറ്റാണ്ടുകള്‍ക്കിപ്പുറവും, തലമുറകള്‍ കടന്നും ചര്‍ച്ചചെയ്യപ്പെടുന്നു എന്നത് വലിയൊരു പ്രത്യേകതയാണ്. പുതുമയുള്ള പ്രമേയവും, ശക്തമായ കഥാപാത്രങ്ങളും, ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളും, സാങ്കേതികത്തികവും, കലാപരമായ ഔന്നത്യവും ഒപ്പം കച്ചവട ചേരുവകളും സമന്വയിപ്പിച്ച ചടുലമായ ആഖ്യാന ശൈലിയുടെ ഉത്തമോദാഹരണമായി ഇന്നും വാഴ്ത്തപ്പെടുന്ന ചിത്രമാണ് ശരപഞ്ജരം. ലൈറ്റ് സബ്ജക്ടുകള്‍ മാത്രം ചെയ്തിരുന്ന ഹരിഹരന്റെ ആദ്യത്തെ ഹെവി സബ്ജക്ട് ആയി ശരപഞ്ജരത്തെ വിശേഷിപ്പിക്കാം.