‘ലോകത്തിന് മുഴുവൻ നന്മ പ്രകാശിപ്പിക്കുകയെന്നതാണ് വിശ്വാസിയുടെ കടമ: പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: റമദാൻ സന്ദേശം നൽകി പാണക്കാട് സാദിഖലി തങ്ങൾ. റജബ് മാസമായിക്കഴിഞ്ഞാൽ ആത്‌മ സംസ്‌കരണമാണ് റമദാൻ ലക്ഷ്യം വയ്‌ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റജബ് മാസം പുലരുന്നത് മുതൽ വിശ്വാസി സമൂഹം പ്രാർഥനയിലാണ്.
മനുഷ്യസഹജമായിട്ടുള്ള തെറ്റുകളും കുറ്റങ്ങളും സ്വാഭാവികമായിട്ടും വാക്കിലും പ്രവൃത്തിയിലും ഒക്കെ വന്നുചേരാം. അതിൽ നിന്നൊക്കെയുള്ള മോചനമാണ് റമദാൻ. എല്ലാ തെറ്റുകളെയും കരിച്ചുകളയുന്ന മാസമെന്നു കൂടി റമദാന് അർഥമുണ്ടല്ലോ. പ്രതീക്ഷയുടെ മാസമാണെന്നും സംസ്‌കരണത്തിൻ്റെ മാസമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
റമദാനിൽ സാക്ഷിയാവുകയെന്നുള്ളത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ്. ഓരോ സത്‌കർമത്തിനും പതിന്മടങ്ങ് പ്രതിഫലമാണ് റമദാനിൽ അള്ളാഹു കരുതിയിരിക്കുന്നത്. ലോകത്തിന് മുഴുവൻ നന്മ പ്രകാശിപ്പിക്കുകയെന്നതാണ് വിശ്വാസിയുടെ കടമ.
സത്യവും സമാധാനവും നീതിയും അതുപോലെ സഹജീവികളോടുള്ള സ്നേഹവും ഇതരമതസ്ഥരുമായിട്ടുള്ള സൗഹാർദ്ദവും ജീവിതസുരക്ഷയും സ്ത്രീ സമൂഹത്തോട് അങ്ങേയറ്റം ബഹുമാനത്തോട് പ്രവർത്തിക്കേണ്ട ഒരു സമയമാണിതെന്നും റമദാൻ സന്ദേശത്തിൽ സാദിഖലി തങ്ങൾ പറഞ്ഞു.