ഷഹബാസിൻ്റെ കൊലപാതകം : പരിപാടിക്കിടയിൽ കൂകി വിളിച്ചതിൻ്റെ പ്രതികാരം

കോഴിക്കോട് : പറഞ്ഞുതീർക്കാവുന്ന നിസ്സാരപ്രശ്‌നം ദുരഭിമാനത്തിലേക്കും പകയിലേക്കും വഴിമാറിയതിൻ്റെ പരിണിതഫലമാണ് കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചത്. .
പാരലിൽ കോളേജിൽ പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെ ‘ഫെയർവെൽ ‘പരിപാടിക്കിടെ എളേറ്റിൽ വട്ടോളി എംജെ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ ഒരു പരിപാടി അവതരിപ്പിക്കുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഈ പരിപാടി പൂർത്തിയാക്കാൻ ഇവർക്ക് കഴിയാതെ വന്നു. ഉടൻ താമരശ്ശേരി കോരങ്ങാട് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഇതിനെ കൂകി വിളിച്ചു. ഈ സംഭവമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയത്. സംഭവം നടന്ന ദിവസം രണ്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികളും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കുകയും ചെയ്തു.
എന്നാൽ കൂകിവിളിച്ച് അപമാനിച്ചവരോട് പ്രതികാരം ചെയ്യാൻ ഒരു വിഭാഗം വിദ്യാർത്ഥികൾ വാട്‌സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഗ്രൂപ്പ് തുടങ്ങിയശേഷം കോരങ്ങാട് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളെ ആക്രമിക്കാൻ ഗ്രൂപ്പിൽ ആസൂത്രണം ചെയ്യുന്നു. തുടർന്നാണ് തീരുമാനം നടപ്പിലാക്കുന്നത്.
ഞായറാഴ്ച നടന്ന സംഭവത്തിനു പ്രതികാരം തീർക്കാൻ വ്യാഴാഴ്ച ഇരു സ്‌കൂളിലെയും വിദ്യാർത്ഥികൾ താമരശ്ശേരിയിൽ സംഘടിച്ചെത്തി പൊരിഞ്ഞ അടിക്കു തുടക്കം കുറിച്ചു . ഷഹാബാസ് ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിയല്ല.ഷഹബാസിനെ വീട്ടിലെത്തി തല്ലാനായി സുഹൃത്തുക്കൾ കൊണ്ടുപോകുകയായിരുന്നു. മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റമുട്ടിയത്. ഇതിൽ ആദ്യത്തെ തവണ ഏറ്റുമുട്ടിയപ്പോഴാണ് ഷഹബാസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. കരാട്ടെയിൽ ഉപയോഗിക്കുന്ന നഞ്ചക്കും ഇടിവളയും കൊണ്ട് തലക്കും പിന്നിലും മർദിക്കുകയായിരുന്നു.അവശനായ ഷഹാബാസ്നെ കൂട്ടുകാർ വീട്ടിലെത്തിച്ചെങ്കിലും നടന്ന സംഭവങ്ങൾ വീട്ടുകാരെ അറിയിച്ചിരുന്നില്ല . പിന്നീട് ഛർദ്ദിച്ച് അവശനായപ്പോഴാണ് മാതാപിതാക്കൾ സംഭവമറിയുന്നത് . വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി 12 .30 ക്ക് ഷഹബാസ് മരണപ്പെടുന്നത്.
ഷഹബാസിന്‍റെ മരണം ദുഃഖകരമാണെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സംഭവത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട് എന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നുംവിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.