വി.ടി. ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാര സമർപ്പണം നാളെ

പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ , പുരസ്കാര ജേതാവ് -പ്രമുഖ ചിത്രകാരനും കവിയുമായ ടികെ മുരളീധരന് ക്യാഷ് അവാർഡും ഫലകവും കൈമാറും
മുംബൈ: മുംബൈ സാഹിത്യവേദിയുടെ വി.ടി ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാര സമർപ്പണം നാളെ(മാർച്ച് 2 )വൈകുന്നേരം 6 മണിമുതൽ മാട്ടുംഗ ‘കേരള ഭവന’ത്തിൽ വെച്ചു നടക്കും. പ്രമുഖ ചിത്രകാരനും കവിയുമായ ടികെ മുരളീധരനാണ് ഈ വർഷത്തെ പുരസ്കാരം. നിരൂപകനും എഴുത്തുകാരനുമായ പ്രൊഫ പി എ വാസുദേവൻ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പ്രമുഖ സാഹിത്യകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചീഫ് സബ് എഡിറ്ററുമായ സുഭാഷ് ചന്ദ്രൻ പുരസ്കാരം സമർപ്പിക്കും.
കേരള ഭവനത്തിന്റെ ക്ലാസ്സ് മുറികളിൽ നടന്നിരുന്ന സർഗ്ഗ സംവാദങ്ങൾ ‘സാഹിത്യവേദി’ എന്ന രൂപത്തിലാകുന്നത് 1967-ലാണ്. അന്ന് ഉണ്ടായിരുന്ന പ്രഗത്ഭ എഴുത്തുകാരൊക്കെയും അതിന്റെ ഭാഗമായി.
പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ആയിരുന്നു ആദ്യ കൺവീനർ. ഭാഭാ അണുശക്തി കേന്ദ്രത്തിലെ ഉദ്യോഗസ്ഥനും, നിരൂപകനും കോളമിസ്റ്റും ആയിരുന്ന വി.ടി ഗോപാലകൃഷ്ണനും ആ കൂട്ടായ്മയുടെ ഭാഗമായി. അദ്ദേഹത്തിന്റെ മരണ ശേഷം വി.ടി ഗോപാലകൃഷ്ണൻ ട്രസ്റ്റ്, സാഹിത്യവേദിയിൽ ഓരോ വർഷവും അവതരിപ്പിക്കുന്ന കൃതികളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് സമ്മാനിക്കുന്നതാണ്,വി.ടി ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാര0.
‘ബോംബെ കേരളീയ സമാജം’ ആണ് സാഹിത്യ വേദിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത്. സാഹിത്യ വേദിക്ക്, എഴുതപ്പെട്ട ഭരണഘടനയോ, ബാങ്ക് അക്കൗണ്ടോ രജിസ്ട്രേഷനോ അംഗത്വമോ വരിസംഖ്യയോ ഇല്ല. സാഹിത്യത്തിൽ താൽപര്യമുള്ള ആർക്കും എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ച വൈകുന്നേരംമാട്ടുംഗ കേരള ഭവനിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാം. ഏതെങ്കിലും ഒരു എഴുത്തുകാരന്റെ സർഗ്ഗ സൃഷ്ടികൾ ആണ് പ്രതിമാസ ചർച്ചയിൽ അവതരിപ്പിക്കുക. ഓരോ വർഷവും നടത്തിപ്പിനായി ഒരു കൺവീനർ ഉണ്ടാവും. കൃതികൾ തിരെഞ്ഞെടുക്കുകയും, പരിപാടിയെ കുറിച്ച് ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നത് കൺവീനർ ആണ്.കെപി വിനയനാണ് നിലവിലുള്ള കൺവീനർ .58 വർഷമായി തുടർന്നു വരുന്ന ഈ അനൗപചാരിക വേദി, മലയാള സാഹിത്യ രംഗത്തെ ഒരു അപൂർവ കൂട്ടായ്മ തന്നെയാണ്.