“ജോജു നല്ല മനുഷ്യൻ എന്ന് കരുതി, പക്ഷേ ചതിച്ചു..” -സനല്‍കുമാര്‍ ശശിധരന്‍

0

ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2019ല്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ചോല’. നടന്‍ ജോജു ജോര്‍ജാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. ഷാജി മാത്യ സിനിമയുടെ സഹ നിര്‍മ്മാണവും നിര്‍വ്വഹിച്ചു. ഈ സിനിമയിലൂടെ ജോജുവിനും നിമിഷക്കും മികച്ച നടനും നടിക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു.

ചോലയെ പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും ചിത്രം തിയേറ്ററില്‍ വിജയം കണ്ടില്ല. റിലീസ് ചെയ്‌ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം എല്ലാ തിയേറ്ററിൽ നിന്നും പിൻവലിക്കപ്പെട്ടു. ശേഷം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌തെങ്കിലും 24 മണിക്കൂറിനുള്ളില്‍ അവിടെന്നും ചിത്രം അപ്രത്യക്ഷമായി. ചോല തിയേറ്ററില്‍ നിന്നും ആമസോണില്‍ നിന്നും അപ്രത്യക്ഷമായതിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് സംവിധായകന്‍റെ തുറന്നുപറച്ചില്‍.

സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്-

“ചോല എന്ന സിനിമ പൂർത്തിയായ ശേഷം അതിന്‍റെ പ്രൊഡക്ഷനിൽ ഭാഗമാക്കാമോ എന്ന് ജോജു ജോര്‍ജ് എന്നോട് ചോദിച്ചു. ഷാജി മാത്യു അത് വിൽക്കുന്നുണ്ടെങ്കിൽ അത് വാങ്ങാൻ തയ്യാറാണെന്നും അയാൾ പറഞ്ഞു. അങ്ങനെയാണ് ഷാജി മാത്യുവിൽ നിന്നും 86 ലക്ഷം രൂപക്ക് ജോജു ജോർജിന്‍റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് ചോല വാങ്ങുന്നത്.

ജോജുവിന് ആ സിനിമയിൽ വളരെയധികം ആത്‌മവിശ്വാസം ഉണ്ടായിരുന്നെങ്കിലും അധികം പണം മുടക്കി അത് റിലീസ് ചെയ്യരുതെന്ന് ഞാൻ പറഞ്ഞിരുന്നു. ആ സിനിമയുടെ സ്വഭാവം മാസ് ഓഡിയൻസിന് ദഹിക്കുന്നതല്ലാത്തത് കൊണ്ട് നാല്‍പ്പതോ അൻപതോ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് ഞാൻ പറഞ്ഞു. ജോജു അത് കേട്ടില്ല.അയാൾ അതിൽ എത്ര പണം ചെലവാക്കി എന്ന് എനിക്കറിയില്ല. പക്ഷേ 140 തിയേറ്ററുകളിൽ റിലീസ് ചെയ്‌ത സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ എല്ലാ തിയേറ്ററിൽ നിന്നും പിൻവലിക്കപ്പെട്ടു. എന്നോട് ജോജു പറഞ്ഞത് തിയേറ്ററിൽ ആളില്ലാത്തത് കൊണ്ട് പിൻവലിച്ചു എന്നാണ്.

സിനിമ ആളുകൾ അറിഞ്ഞ് തുടങ്ങുന്നതിന് മുമ്പ് ഒരൊറ്റ തിയേറ്ററിൽ പോലും നിലനിർത്താതെ സിനിമ പിൻവലിച്ചത് എന്തിനെന്ന് എനിക്കപ്പോൾ മനസ്സിലായിരുന്നില്ല. സിനിമ പിൻവലിച്ചെങ്കിലും എന്നെ സമാധാനിപ്പിക്കാൻ എന്നപോലെ ഉടൻ തന്നെ അത് ആമസോണിൽ റിലീസ് ചെയ്‌തിരുന്നു.

ആ സിനിമയുടെ പ്രേക്ഷകരെ അത് കണ്ടെത്താൻ തുടങ്ങും മുമ്പ് ആമസോണിൽ നിന്നും 24 മണിക്കൂറിനകം സിനിമ പിൻവലിക്കപ്പെട്ടു. ഞാൻ വഴക്കുണ്ടാക്കിയപ്പോൾ ചോല വീണ്ടും നാലഞ്ച് ദിവസങ്ങൾക്ക് ശേഷം ആമസോണിൽ വന്നുവെങ്കിലും ഇന്ത്യയിൽ മാത്രമാണ് അത് ലഭ്യമായിരുന്നത്. ഇപ്പോൾ അത് അവിടെ ഉണ്ടോ എന്ന് എനിക്കറിയില്ല.
ഗുഡ് മൂവീസ് എന്നൊരു കമ്പനി ആയിരുന്നു ചോലയുടെ അന്താരാഷ്ട്ര വിതരണം നടത്തിയിരുന്നത്. അവരോട് വിതരണം നിർത്താൻ ആവശ്യപ്പെട്ടുകൊണ്ട് ജോജു ജോർജിന്റെ കമ്പനിയിൽ നിന്നും ഒരു ഇമെയിൽ പോയതിനെ തുടർന്ന് ജോജുവിന്റെ സുഹൃത്തും ചോലയുടെ കേരളത്തിലെ വിതരണം നടത്തിയിരുന്ന ആളുമായ സുരാജിനെ ഞാൻ വിളിച്ചു. “ചോലയുടെ വില്പനയുമായി ബന്ധപ്പെട്ട് ദിലീപേട്ടനുമായി ഒരു ചർച്ച നടക്കുന്നുണ്ട്. അതുകൊണ്ടായിരിക്കും അങ്ങനെ ചെയ്തത്.” എന്നയാൾ പറഞ്ഞു. അത് അന്വേഷിക്കാൻ ഞാൻ ജോജുവിനെ പലതവണ വിളിച്ചിരുന്നു. ജോജു ഫോൺ എടുക്കാതെ വന്നപ്പോഴാണ് ഞാൻ ഇതെക്കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.
പോസ്റ്റ്‌ ആളുകൾ ശ്രദ്ധിച്ചതോടെ ക്ഷുഭിതനായ ജോജു എന്നെ വിളിച്ചു തെറിപറഞ്ഞു. വീട്ടിൽ വന്നു തല്ലുമെന്നും പറഞ്ഞു. അത് ഞാൻ റെക്കോർഡ് ചെയ്തു എന്ന് ഭയന്നിട്ട് അയാൾ ഫോൺ കട്ട് ചെയ്തു. അല്പസമയം കഴിഞ്ഞ് വീണ്ടും വിളിച്ചു. അപ്പോൾ ഞാൻ റെക്കോർഡ് ചെയ്ത ശബ്ദരേഖയാണ് ഇത്.
ചോല എന്ന സിനിമ അല്ലി എന്ന പേരിൽ തമിഴ് ഡബ് ചെയ്ത് സെൻസർ ചെയ്തിരുന്നു. കാർത്തിക് സുബരാജിന്റെ സ്റ്റോൺബഞ്ച് പ്രൊഡക്ഷനായിരുന്നു അയതിന്റെ കോപ്രൊഡ്യൂസർ. അതിന്റെ പണികളെല്ലാം പൂർത്തിയായി എങ്കിലും ആ സിനിമ പിന്നെ വെളിച്ചം കണ്ടില്ല. പിന്നീട് ഞാൻ അതിൽ പ്രവർത്തിച്ച സ്റ്റോൺബഞ്ചിന്റെ പ്രതിനിധിയെ വിളിച്ചു ചോദിച്ചപ്പോൾ ആ സിനിമ ജോജു തന്നെ വാങ്ങിക്കൊണ്ട് പോയി എന്ന് പറഞ്ഞു. എന്നോട് ഒരുതരം ആലോചനയും നടത്താതെയാണ് ജോജു ഇത് ചെയ്തത്.
ഓടാതെ പെട്ടിയിലിരുന്ന ചോല എന്ന സിനിമ എന്തിന് “ദിലീപേട്ടൻ” വാങ്ങണം എന്നൊരു സംശയം അന്നുതന്നെ എനിക്കുണ്ടായിരുന്നു. ഷാജി മാത്യുവിൽ നിന്ന് എന്റെ മറ്റു സിനിമകളുടെ എല്ലാം റൈറ്റുകളും മറ്റാരോ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് എനിക്ക് അറിവുകിട്ടിയിരുന്നു. അത് ഇയാളാണോ എന്ന് എനിക്കറിയില്ല.
ജോജു എന്നെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ഞാൻ പുറത്തുവിടും എന്ന് ഭയന്ന് Akhil Marar എന്നയാൾ മുഖേന ഒരു ഒത്തുതീർപ്പ് സംസാരം ഉണ്ടായിരുന്നു. ആ കോളുകളെല്ലാം ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. ചോലയുടെ ഇന്റർനാഷണൽ റൈറ്സും യുട്യൂബ് റൈറ്സും എനിക്ക് എഴുതി നൽകാൻ ജോജു ജോർജ് സമ്മതിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് അഖിൽമാരാരും ആയുള്ള സംഭാഷണം അവസാനിച്ചത്. പിന്നീട് ഒരാഴ്ച കഴിയുമ്പോൾ എനിക്ക് ലഭിക്കുന്നത് സംഗീത ലക്ഷ്മണ എന്ന വക്കീലിൽ നിന്നും ഒരു വക്കീൽ നോട്ടീസാണ്. ചോലയിൽ എനിക്ക് അവകാശമില്ല എന്നും അയാൾ കേസുകൊടുക്കും എന്നുമായിരുന്നു അത്. അതിന് ഞാൻ മറുപടി നൽകി. കേസുണ്ടായില്ല. പകരം എനിക്കെതിരെയുള്ള ആക്രമണങ്ങൾ കൂടി.
ജോജു ഒരു നല്ല മനുഷ്യൻ എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷെ പണത്തിനു മേലെ പരുന്തും പറക്കില്ല എന്നതിന് ഒരു നല്ല ഉദാഹരണം ആയിരുന്നു ജോജുവുമായുള്ള ബന്ധം എനിക്ക് തന്നത്. സമാനമായതാണ് ടോവിനോ തോമസുമായുണ്ടായതും. ചോല, കയറ്റം, വഴക്ക് എന്നീ ചിത്രങ്ങൾ ഒക്കെ പൂഴ്ത്തിവെച്ചതിനു പിന്നിൽ ശ്രമിച്ചത് ഒരു വ്യക്തിയാണ് എന്നാണ് എന്റെ നിഗമനം. മഞ്ജു വാര്യരുമായുള്ള എന്റെ അടുപ്പമായിരുന്നു അതിനു കാരണം. എന്താണ് അയാൾക്ക് അതിനുള്ള പ്രകോപനം എന്നെനിക്കറിയില്ല. എന്തുകൊണ്ട് കയറ്റം പുറത്തുവന്നില്ല എന്ന് മഞ്ജു വാര്യർക്ക് അറിയാം. അതിനു പിന്നിലുള്ള വ്യക്തിയെയും അവർക്കറിയാം. മഞ്ജു വാര്യർ വായ്‌തുറന്നാൽ ബിനീഷ് ചന്ദ്രനെപ്പോലെ മുഖം മൂടിയിട്ട ഈ ക്രിമിനലും വെളിച്ചത്താകും. ബിനീഷ് ചന്ദ്രൻ എന്നയാൾ ഇയാളുടെ കയ്യാളാണോ എന്നെനിക്ക് സംശയമുണ്ട്.”

Spread the love

Leave a Reply

Your email address will not be published. Required fields are marked *