കരുനാഗപ്പള്ളി ഫയർസ്റ്റേഷൻ അവകാശത്തർക്കം സോഷ്യൽ മീഡിയകളിൽ: സി.ആർ.മഹേഷിന്റെ ചിത്രം വച്ചപോസ്റ്റുകൾ വന്നതാണ് തർക്കത്തിന് കാരണം
കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3.70 കോടി രൂപ ഉപയോഗിച്ചാണ് കരുനാഗപ്പള്ളിയിൽ പുതിയ ഫയർ സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത്.
2015 ജൂലൈ 22 നു അന്നത്തെ കരുനാഗപ്പള്ളി എം.എൽ.എ. ആയിരുന്ന സി.ദിവാകരൻ കരുനാഗപ്പള്ളി ഫയർ ഫോഴ്‌സ് കെട്ടിടത്തിന് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ചു ചോദ്യോത്തര വേളയിൽ വിഷയം ഉയർത്തിയപ്പോൾ അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കെഐപി പ്രോജക്റ്റുമായി ബന്ധപ്പെട്ട് സ്ഥലത്ത് കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ തുടങ്ങുമെന്നും, ഉപയോഗശൂന്യമായ പോലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റാൻ കഴിയില്ലെന്നും അവിടെ ഫ്ലാറ്റുകൾ നിർമ്മിക്കാൻ പോകുകയാണെന്നും സി ദിവകരന്റെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു.
തുടർന്ന് 2017 ഫെബ്രുവരി 27നു അന്നത്തെ കരുനാഗപ്പള്ളി എംഎൽഎ, ആർ.രാമചന്ദ്രൻ നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ ചോദിച്ചപ്പോൾ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് കെട്ടിടം നിർമ്മിച്ചു നൽകാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകിയത്.
2019 ജനുവരിയിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലം കൈമാറി കിട്ടിയതോടെ പുതിയ അഗ്നിരക്ഷാ നിലയം അവിടെ നിർമ്മിക്കാൻ തീരുമാനിച്ചു. അന്നത്തെ എംഎൽഎ, ആർ. രാമചന്ദ്രന്റെ ശ്രമഫലമായാണ് ആഭ്യന്തരവകുപ്പിൽ നിന്നും സ്ഥലം ലഭ്യമായതും കെട്ടിടം നിർമ്മിച്ച് ഉത്ഘാടനം നടത്തിയതും. എന്നാൽ ഉദ്ഘാടനത്തിന് ശേഷം നിലവിലെ സ്ഥലം എംഎൽഎ, സി. ആർ. മഹേഷാണ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കിയത് എന്നു പറഞ്ഞു സോഷ്യൽ മീഡിയകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ അവകാശ തർക്കം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായി.