ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകി,- ‘നൻമ ‘

കല്യാൺ : 2013മുതൽ മുംബൈയിലെ നഗരപ്രദേശത്തും സംസ്ഥാനത്തെ ആദിവാസി മേഖലകളിലും വസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യവും -വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്ന ,കല്യാൺ ആസ്ഥാനമായിട്ടുള്ള ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ‘ നിർധനരും ഭിന്നശേഷിക്കാരുമായ നൂറോളം വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയ ന വർഷത്തേക്കുവേണ്ടിയുള്ള സാമ്പത്തിക സഹായം നൽകുന്നു.ഫൗണ്ടേഷൻ തുടക്കമിട്ട ‘നൻമ വിദ്യാഭ്യാസ സഹായ സംരംഭം’ പദ്ധതിയുടെ ആദ്യഘട്ട വിതരണം ഉല്ലാസ് നഗർ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ ഉല്ലാസ്നഗർ റോട്ടറി സേവാ കേന്ദ്രത്തിൽ വെച്ച് നടന്നു.
ചടങ്ങിൽ ഡോ.ചന്ദ്രശേഖർ കോൾവേക്കർ അധ്യക്ഷത വഹിച്ചു. നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപകനും സെക്രട്ടറിയുമായ സുനിൽ രാജ്, കുമാരി ശുഭം ദിലീപ് സുപേയ്ക്ക് ആദ്യ ചെക്ക് നൽകി സഹായ ധന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉല്ലാസ് നഗർ ,അംബർനാഥ് ,ബദലാപൂർ എന്നിവടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 23 വിദ്യാർത്ഥികൾക്കാണ് സാമ്പത്തിക സഹായം നൽകിയത് .ഡോ.അഭയ് ഗെയ്ക്വാദ് വിദ്യാഭ്യാസത്തിന്റെ ആവശ്യതയെ ക്കുറിച്ച് വിശദമായി സംസാരിച്ചു.
ദിവ്യ നായർ, മൃദുൽ പ്രഭാകർ ,നന്ദന,പ്രമോദ്പിള്ള ,ശക്തിനായർ ,സുലീ കുഞ്ഞുപിള്ള ,അരുൺ നമ്പ്യാർ ,ബിന്ദുമോൾ ,പ്രേമാനന്ദൻ എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി .തുടർന്ന് അന്നദാനവും നടന്നു.
ഈ വർഷം നൂറിലധികം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനത്തിനായുള്ള സാമ്പത്തികസഹായം നൽകുമെന്ന് സുനിൽരാജ് അറിയിച്ചു രണ്ടാംഘട്ടം മാർച്ച് അന്ത്യവാരം കല്യാണിൽ വെച്ച് നടക്കും.
“വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാകേണ്ട ഒരു അടിസ്ഥാന ആവശ്യമാണ്. എന്നാൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ അയക്കുന്നതിന് നിരവധി തടസ്സങ്ങൾ നേരിടുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നിൽ കൂടുതൽ കുട്ടികളുള്ള രക്ഷിതാക്കൾ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട് . പാവപ്പെട്ട കുടുംബങ്ങളിൽ വളരുന്ന വിദ്യാർത്ഥികളുടെ പഠനത്തെ ഇത് സാരമായി ബാധിക്കുന്നു.മാതാപിതാക്കളെ അവരുടെ കുട്ടികളെ സ്കൂളിൽ പോകാൻ സഹായിക്കുന്നതിനുള്ള ഒരു ചെറിയ സംരംഭമാണ് NEA , “ സുനിൽരാജ് പറഞ്ഞു.
- “ഞങ്ങളുടെ 120-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘നന്മ ഫൗണ്ടേഷൻ്റെ’ ഈ ഒരു സംരംഭത്തിന് പിന്തുണ നൽകാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” പരിപാടിയുടെ ഭാഗമായിരുന്ന റോട്ടറി ക്ലബ് ഓഫ് ഉല്ലാസ്നഗർ മുൻ പ്രസിഡൻ്റ് ഗുൽ അദ്വാനി കൂട്ടിച്ചേർത്തു.
- “രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാവെന്ന നിലയിൽ, എനിക്ക് വീട്ടുചെലവുകളും ചികിത്സാ ചെലവുകളും കൂടാതെ വിശദീകരിക്കാൻ കഴിയാത്ത നിരവധി അധിക ചിലവുകൾ ഉണ്ട്. നൻമ ഫൗണ്ടേഷനോട് ഞാൻ നന്ദിയുള്ളവനാണ്, ഈ പദ്ധതിയിൽ നിന്ന് എൻ്റെ കുട്ടികൾക്ക് പ്രയോജനം ലഭിച്ചതിൽ ഞാൻ വിനീതനാണ്,” മകൻ ശുഭം (17), മകൾ പ്രജക്ത (19) എന്നിവർ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരാണ്. “എനിക്ക് 5 കുട്ടികളുണ്ട്. നാല് പെൺമക്കളും ഒരു മകനും. എൻ്റെ ഭർത്താവ് ഈയിടെ മരിച്ചു, റിട്ടയർ ചെയ്ത എൻ്റെ പിതാവിനൊപ്പമാണ് ഞാൻ ഇപ്പോൾ ഞങ്ങളുടെ ചെലവുകൾ വഹിക്കുന്നത്. മകളുടെ ആരോഗ്യസ്ഥിതി കാരണം എനിക്ക് ജോലിക്ക് പോകാൻ കഴിയില്ല. ഇതുപോലുള്ള സഹായങ്ങൾ വളരെ ആവശ്യമാണ്, അതിനാൽ ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നത് തുടരാം,” ഓട്ടിസം ബാധിച്ച കുട്ടിയുടെ മറ്റൊരു അമ്മ പറഞ്ഞു.