പാട്ടിന്റെ താളലയങ്ങളിൽ മനോഹരമായ സംഗീതവിരുന്ന് – “സ്നേഹസ്പർശം 3”

ഷാർജ: മാർത്തോമ്മ യുവജനഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗീത സായാഹ്നം “സ്നേഹസ്പർശം 3” ശ്രദ്ധേയമായി. സംഗീത ആസ്വാദകരുടെ മനസ്സിൽ ഓർമ്മകൾ നിറച്ച ഈ സംഗീതവിരുന്ന് ഷാർജയിലെ സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവമായി. ദക്ഷിണേന്ത്യൻ പിന്നണി ഗായികയും കേരള നിയമസഭാംഗവുമായ ശ്രീമതി ദലീമ ജോജോ മുഖ്യാഥിതിയായി പങ്കെടുത്തു ഉൽഘാടനം നിർവഹിച്ചു. ശ്രീമതി ദലീമ ജോജോ ആലപിച്ച മനോഹരഗാനം ശബ്ദമാധുര്യത്തോടെ ആസ്വാദകരുടെ മനസ്സിൽ സംഗീത വിസ്മയം ഒരുക്കി. പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ, മലയാളികളുടെ പ്രിയഗായിക മൃദുല വാര്യർ, ഒടക്കുഴലിന്റെ സംഗീത വിസ്മയം രാജേഷ് ചേർത്തല എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ഗാനസന്ധ്യ ഹൃദയസ്പർശിയായി.
ഗാനസന്ധ്യയുടെ ഉദ്ഘാടന യോഗത്തിൽ ഷാർജ മാർത്തോമ്മ യുവജനഖ്യത്തിന്റെ പ്രസിഡൻ്റ് റവ. രഞ്ജിത് ഉമ്മൻ ജോൺ അധ്യക്ഷത നിർവഹിച്ചു. റവ. ബിൻസു ഫിലിപ്പ്, യൂത്ത് ചാപ്ലയിൻ റവ. ടോം ജോൺ, റവ. ജിനു എബ്രഹാം, ജനറൽ കൺവീനർ സജീവ് ജേക്കബ്, കൺവീനർ നിരൻ എബ്രഹാം, സെക്രട്ടറി റോണി വർഗീസ് എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.