ഇറാന്‍ എണ്ണക്കമ്പനികളുമായി സഹകരിച്ചു :4 ഇന്ത്യന്‍ കമ്പനികള്‍ക്കും ഉപരോധം 

0

വാഷിങ്ടണ്‍: അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ പതിനാറ് കമ്പനികളില്‍ നാല് ഇന്ത്യന്‍ കമ്പനികളും. ഇറാന്‍റെ പെട്രോളിയം, പെട്രോകെമിക്കല്‍ മേഖലയിലെ കമ്പനികളുമായി ഇടപെട്ടു എന്ന് ആരോപിച്ചാണ് നടപടി.ഓസ്റ്റിന്‍ഷിപ് മാനേജ്‌മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, ബിഎസ്‌എം മറൈന്‍ എല്‍എല്‍പി, കോസ്‌മോസ് ലൈന്‍സ് ഇന്‍ക്, ഫ്ലക്‌സ് മാരിടൈം എല്‍എല്‍പിഎന്നീ കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ട്രഷറി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇത് രണ്ടാം തവണയാണ് ഇറാനിയന്‍ എണ്ണക്കച്ചവടത്തെ ലക്ഷ്യമിട്ട് ഉപരോധം കൊണ്ടുവരുന്നത്. ഈ മാസം നാലിന് ഇറാന് മേല്‍ പരാമാവധി സമ്മര്‍ദ്ദമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റ് ട്രംപ് ദേശീയ സുരക്ഷ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ പതിനാറ് കമ്പനികളെ കൂടി അമേരിക്കന്‍ വിദേശകാര്യവകുപ്പ് നിരോധിക്കുകയാണ്. ഇറാന്‍റെ എണ്ണ ഇടപാടുകളുമായി സഹകരിച്ച കമ്പനികള്‍ക്കും അവയുടെ കപ്പലുകള്‍ക്കുമാണ് വിലക്കെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിദേശകാര്യമന്ത്രാലയവും ട്രഷറി വകുപ്പും വിദേശ സ്വത്ത് നിയന്ത്രണ ഓഫീസും ചേര്‍ന്ന് 22 വ്യക്തികള്‍ക്കും 13 കപ്പലുകള്‍ക്കുമാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏഷ്യയിലെ എണ്ണ ആവശ്യക്കാര്‍ക്കായി അനധികൃതമായി ഇവര്‍ എണ്ണ കടത്തിയെന്നാണ് ആരോപണം. കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന അസംസ്‌കൃത എണ്ണ ഈ കമ്പനികള്‍ വഴി ഇറാനില്‍ നിന്ന് കടത്തിയെന്നും ആരോപിക്കുന്നു. ഇറാന് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതിലൂടെ ഇറാന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉണ്ടാക്കാനുള്ള അവസരം തടയുകയാണ് ലക്ഷ്യമെന്നും അമേരിക്ക അവകാശപ്പെടുന്നു.
ഇറാന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തടയിടുമെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *