മീരാ റോഡ് മലയാളി സമാജത്തിൻ്റെ വാർഷിക പൊതുയോഗം നടന്നു

0

മുംബൈ: മീരാ റോഡ് മലയാളി സമാജത്തിൻ്റെ വാർഷിക പൊതുയോഗം സമാജം ഓഫീസിന് സമീപമുള്ള ശാന്തിനഗർ സെക്ടർ 8ലെ എം.ബി.എം.സി. ഹാളിൽ വച്ച് നടന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ, യോഗത്തിന് വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മൺമറഞ്ഞ മഹാന്മാരുടെ ആത്മശാന്തിക്കായി പ്രാർത്ഥന നടത്തുകയും, പുതിയ അംഗങ്ങളെ തുളസിത്തൈ നൽകി സ്വീകരിക്കുകയും ചെയ്തു. തുടർന്ന്, സെക്രട്ടറി എം.എസ്. ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ വിജു സി. വർഗീസ് സാമ്പത്തിക കണക്കുകൾ വിശദീകരിക്കുകയും ചെയ്തു. ജോ. സെക്രട്ടറി അഡ്വ. ഷൈലജ വിജയൻ ലീഗൽ സെൽ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചു .

സജി ഡാനിയൽ സംഘടന ചെയ്‌ത സാന്ത്വന പ്രവർത്തനങ്ങളെ കുറിച്ചും, ഗിരിജ പണിക്കർ വനിതാ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും, ശ്രീകലാ മോഹൻ മലയാളം മിഷൻ ക്ലാസുകളെ കുറിച്ചും വിശദീകരിച്ചു. ബിനു ചെറിയാൻ “മുംബൈ മലയാളി” പത്രത്തെക്കുറിച്ചും, ബിനു ജോൺ അംഗങ്ങളുടെ സഹായത്തോടെ മെഡിക്കൽ സേവനം നൽകുന്നതിനുള്ള പദ്ധതിയെക്കുറിച്ചും, കമ്പ്യൂട്ടർ ക്ലാസുകൾ നടത്തുന്നതിനുള്ള സന്നദ്ധതയും അറിയിച്ചു. സൈക്കോളജിസ്റ്റ് വിധു കൗൺസലിംഗ് ക്ലാസുകളുടെ നിർവഹണത്തെക്കുറിച്ചും വിശദീകരണം നൽകി.

മലയാളം മിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറിരാമചന്ദ്രൻ മഞ്ചാരമ്പത്ത് പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ചു. സമാജങ്ങളുടെ നിലനിൽപ്പിന് സർക്കാരുകളുടെ ക്രിയാത്മക ഇടപെടലുകളും പിന്തുണയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെക്രട്ടറി എം.എസ്. ദാസ് അഭിപ്രായപ്പെട്ടു.

ഭാവി പദ്ധതികളെക്കുറിച്ച് മെമ്പർമാരുടെ ചർച്ചകൾക്ക് ശേഷം, മെമ്പർമാരിൽ നിന്ന് വാർഷിക സഹായം സ്വീകരിക്കാനും, അഡ്വ. വിശ്വനാഥൻ, പ്രവീൺ നായർ എന്നിവരുടെ മേൽനോട്ടത്തിൽ സമാജത്തിന്റെ ഭരണഘടന ഭേദഗതി വരുത്താനും തീരുമാനിച്ചു.

ധനശേഖരണത്തിനായി വിഷുദിനത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനും, സമാജത്തിന്റെ ഓഫീസ് നവീകരണത്തിന് ഇതിന്റെ വരുമാനം വിനിയോഗിക്കാനുമുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചു. വിഷു പരിപാടിയുടെ ആദ്യ ടിക്കറ്റ് സമാജം പ്രസിഡന്റ് സക്കറിയ എം. സക്കറിയ ഏറ്റെടുത്ത് ഉദ്ഘാടനം ചെയ്തു.സമാജത്തിന്റെ ഭാവി പദ്ധതികൾക്കായി എല്ലാവരും ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ജോ. സെക്രട്ടറി ഫ്രാൻസിസ് പി.വി നന്ദി അറിയിച്ചുകൊണ്ട് യോഗം സമാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *