മുസ്ലിം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ തുല്യവകാശം : വിപി സുഹ്റ സമരം അവസാനിപ്പിച്ചു

0

ദില്ലി: മുസ്ലിം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ പുരുഷന്മാര്‍ക്ക് തുല്യമായ അവകാശം ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വിപി സുഹ്റ ദില്ലി ജന്തര്‍മന്തറില്‍ ഇന്നാരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചു.
ഇന്ന് രാവിലെയാണ് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിപി സുഹ്റ ജന്തര്‍മന്തറിലെത്തിയത്.സമരം ആരംഭിച്ച് അധികം വൈകാതെ ദില്ലി പോലീസ് വിപി സുഹ്റയെ കസ്റ്റഡിയിലെടുത്ത് ,സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടു. സമരത്തിന് അനുവദിച്ച സമയത്തേക്കാള്‍ കൂടുതലായതിനാലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. പാർലമെന്‍റ് സ്ട്രീറ്റ് പോലീസാണ് വിപി സുഹ്റയെ കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിപി സുഹ്റയുമായി സംസാരിച്ചു. വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്നും കേന്ദ്രമന്ത്രിമാരെ കാണാന്‍ സഹായിക്കാമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചതെന്ന് വിപി സുഹ്റ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും രണ്ടു ദിവസത്തിനകം കേന്ദ്ര നിയമ മന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി, വനിതാ മന്ത്രി എന്നിവരെ കാണാൻ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധിയെയും കാണുമെന്നും ദില്ലിയില്‍ തുടരുമെന്നും വിപി സുഹ്റ പറഞ്ഞു. സമരം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും തന്‍റെ പോരാട്ടം തുടരുമെന്നും വിപി സുഹ്റ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *