കോടനാടിന്റെ സ്വന്തം ‘പോസ്റ്റുമാൻ ജോസേട്ടൻ’

പെരുമ്പാവൂർ: കോടനാട് നിവാസികളുടെ പ്രിയപ്പെട്ട പോസ്റ്റുമാൻ ജോസേട്ടൻ അറുപത്തഞ്ചാം വയസ്സിൽ 44 വർഷത്തെ സ്തുത്യർഹസേവനത്തിനുശേഷം ഔദ്യോഗികമായി വിരമിച്ച ദിവസമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച. നാലരപ്പതിറ്റാണ്ടോളം നാടിന്റെ നാനാഭാഗത്തും തപാലുരുപ്പടികളുമായി ചിരിച്ച് സൗമ്യനായി ജനങ്ങളിലേക്കെത്തിയ തോട്ടുവ ഇഞ്ചയ്ക്കൽ ഇ.പി. ജോസിനെക്കുറിച്ച് നാട്ടുകാർക്ക് നല്ലതുമാത്രമെ പറയാനുള്ളൂ. 1981 ഫെബ്രുവരി പത്തിന് സർവീസിൽ കയറിയത് ഇന്നലെ പോലെ അദ്ദേഹം ഓർക്കുന്നു. കുറിച്ചിലക്കോടിനു സമീപം പെരിയാർതീരത്തെ വനംവകുപ്പിന്റെ കാവൽപ്പുരയോട് ചേർന്നായിരുന്നു കോടനാട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്. കൂവപ്പടി പോസ്റ്റോഫീസിൽ നിന്നും കോടനാട്ടേയ്ക്കുള്ള തപാലുരുപ്പടികൾ ചാക്കിൽക്കെട്ടി സീൽ ചെയ്ത് സൈക്കിളിൽ എത്തിയ്ക്കലായിരുന്നു മെയിൽ കാരിയറായിരുന്ന ജോസിന്റെ പണി. കാവൽസ്ഥലവും പോസ്റ്റോഫീസ് കെട്ടിടവും ഇടിഞ്ഞു പൊളിഞ്ഞ് ചരിത്രാവശിഷ്ടം പോലെ ഇന്നുമവിടെയുണ്ട്. പിൽക്കാലത്ത് കുറിച്ചിലക്കോട് കവലയിലെ പള്ളിക്കെട്ടിടത്തിലേയ്ക്ക് പോസ്റ്റോഫീസ് മാറ്റിസ്ഥാപിച്ച കാലം മുതൽ ജോസിന്റെ തസ്തിക ഔദ്യോഗികമായി അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നായെങ്കിലും ജോലി പോസ്റ്റുമാന്റേതു തന്നെയായിരുന്നു.
തപാൽവഴിയുള്ള കത്തിടപാടുകളുടെ എണ്ണം കുറഞ്ഞതോടെ പാഴ്സലുകളുടെ കൈമാറ്റമാണ് പിന്നീട് പോസ്റ്റ് ഓഫീസ് വഴി കൂടുതൽ നടക്കാറുണ്ടായിരുന്നത്. കൊറോണക്കാലത്ത് ചുരുക്കം ദിനങ്ങളിൽ ജോലി മുടങ്ങിയതൊഴിച്ചാൽ തപാൽ വകുപ്പിന്റേതായ ഗ്രാമീണ പോസ്റ്റൽ ഇൻഷൂറൻസ് അടക്കമുള്ള സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുക, ഇന്ത്യ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് സംവിധാനത്തിലൂടെ പ്രായമായവർക്ക് ക്ഷേമപെൻഷനുകൾ വീടുകളിൽ കൃത്യമായി എത്തിച്ചു നൽകുക തുടങ്ങിയ പ്രവർത്തികളിൽ സത്യസന്ധതയോടെ കർമ്മനിരതനായിരുന്നു ജോസ്. ഇങ്ങനെയൊക്കെയാണെങ്കിലും പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സ്ഥിരം തസ്തികയിലേയ്ക്ക് പരിഗണിയ്ക്കപ്പെടാതെ പടിയിറങ്ങേണ്ടി വന്നതിലുള്ള സങ്കടം മനസ്സിലുണ്ട്. സ്ഥിരം തസ്തികയിലുള്ളവർക്കുള്ളവർക്ക് നൽകുന്ന ഔദ്യോഗിക യൂണിഫോം ധരിച്ച്
വിരമിയ്ക്കാനുള്ള ഭാഗ്യമുണ്ടായില്ല ജോസിന്. നാല് വാർഡുകളിലായി രണ്ടായിരത്തോളം വീടുകളിൽ ഇദ്ദേഹത്തിന്റെ സേവനമെത്തുമായിരുന്നു. ദിവസേന 500 കത്തുകൾ വരെ തപാൽപട്ടിയിൽ നിന്ന് ശേഖരിക്കുകയും ആയിരത്തിലേറെ കത്തുകൾ അതേ ദിവസം പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്യുകയും ചെയ്ത തിരക്കേറിയ കഴിഞ്ഞ കാലത്തെക്കുറിച്ച് ആത്മസംതൃപ്തിയോടെയാണ് അദ്ദേഹം ഓർക്കുന്നത്. ഈ പ്രദേശത്തെ നാല് വാർഡുകളിലായി രണ്ടായിരത്തോളം വീടുകളിലാണ് ജോസേട്ടൻ കത്തുമായി എത്തുന്നത്. 500 കത്തുകൾ വരെ തപാൽപട്ടിയിൽ നിന്ന് ശേഖരിക്കുകയും ആയിരത്തിലേറെ കത്തുകൾ അതേ ദിവസം ഈ പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്യുകയും ചെയ്ത തിരക്കേറിയ കഴിഞ്ഞ കാലത്തെക്കുറിച്ച് ആത്മസംതൃപ്തിയോടെ അദ്ദേഹം ഓർക്കുന്നു. ഇന്ന് പലപ്പോഴും ഒന്ന് അല്ലെങ്കിൽ രണ്ട് കത്തുകൾ ആണ് തപാൽ പെട്ടിയിൽ നിന്ന് ശേഖരിക്കേണ്ടി വരുന്നത്. നൂറിൽ താഴെ തപാൽ ഉരുപടികളാണ് വിതരണം ചെയ്യേണ്ടി വരിക. 120 രൂപയായിരുന്നു തുടക്കകാലത്ത് കിട്ടിയ ശമ്പളം. അന്നും ആരോടും പരിഭവം പറയാതെ മക്കളുടെ പഠനവും വിദ്യാഭ്യാസവും എല്ലാം പൂർത്തീകക്കാനായി രാത്രി ഓട്ടോറിക്ഷ ഓടിച്ചു.
പത്രവിതരണക്കാരനായി, പാൽ സൊസൈറ്റിയിൽ ജോലിചെയ്തു, സോഡ വിതരണക്കാരനായി. 2023-ലെ ദേശീയ തപാൽ ദിനത്തിൽ കോടനാട് മാർ ഔഗേൻ പബ്ലിക് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ജോസിനെ ആദരിച്ചിരുന്നു. വിരമിച്ചശേഷവും വിശ്രമത്തിനു തയ്യാറല്ല ജോസ്. ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിൽ എന്തെങ്കിലുമൊരു ചെറിയ ജോലി പ്രതീക്ഷിച്ചിരിക്കുകയാണ്. വനം വകുപ്പ് കോടനാട് ഡി.എഫ്.ഒ. മനോജ്, കോടനാട് ബസേലിയോസ് മാർ ഔഗേൻ പബ്ലിക് സ്കൂൾ മാനേജർ അഡ്വ. തോമസ് പോൾ റമ്പാൻ, കോടനാട് മാർ ഔഗേൻ ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് സിന്ധു ടൈറ്റസ്, കൂവപ്പടി സബ് പോസ്ടമിസ്ട്രസ്സ് അഞ്ജലി തുടങ്ങിയവർ ജോസിന് ആശംസകൾ നേർന്നു. യാത്രയയപ്പു ദിനത്തിൽ ആലുവ പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് ജിസ്സി ജോർജ്ജ് കോടനാടെത്തി ജോസിന് മൊമെന്റോ കൈമാറി. മേരിയാണ് ജോസിന്റെ ഭാര്യ.
മക്കൾ: അനു, അഞ്ജു, ആൽബിൻ.