നിക്ഷേപ പ്രഖ്യാപന പെരുമഴ : കോടികൾ നിക്ഷേപിക്കാൻ തയ്യാറായി അദാനിയും ആസാദ് മൂപ്പനും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്.
എറണാകുളം : കൊച്ചിയിൽ ആഗോള നിക്ഷേപ സംഗമത്തിൽ അദാനി പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് എംഡി കരൺ അദാനിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനത്തിനും ലോജിസ്റ്റിക്സ് ഹബ് സ്ഥാപിക്കുന്നതിനും വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള വികസനത്തിനാണ് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുകയെന്നും കരൺ അദാനി വ്യക്തമാക്കി. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിനായി 20000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും.ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിര്‍ത്താന്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ സാധിക്കും. 2015 ല്‍ വിഴിഞ്ഞം പോര്‍ട്ടിന് നേതൃത്വം നല്കിയ അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും കരണ്‍ അദാനി പറഞ്ഞു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖം കമ്മീഷന് ചെയ്യുന്നതിന് മുമ്പുതന്നെ 24,000 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ ഇന്ത്യയിലാദ്യമായി വിഴിഞ്ഞത്ത് എത്തിയിരുന്നു. ഇതിലൂടെ തുറമുഖം ചരിത്രം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബെന്നത് മാത്രമല്ല, ഈ ഭാഗത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും കരണ്‍ അദാനി പറഞ്ഞു. 5,500 കോടി രൂപയുടെ നിക്ഷേപിക്കുന്നതിലൂടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി 4.5 ദശലക്ഷം യാത്രക്കാരില്‍ നിന്ന് 12 ദശലക്ഷമായി വര്‍ദ്ധിപ്പിക്കും. കൊച്ചിയില്‍ ലോജിസ്റ്റിക്സ് ആന്‍ഡ് ഇ-കൊമേഴ്സ് ഹബ് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ ആരോഗ്യ മേഖലയിൽ 850 കോടി രൂപ നിക്ഷേപിക്കുമെന്ന് ആസ്റ്റർ സ്ഥാപക ചെയർമാൻ ആസാദ് മൂപ്പൻ.
ആരോഗ്യസേവന രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ നിക്ഷേപം പ്രയോജനപ്പെടുത്തുമെന്ന് ആസാദ് മൂപ്പൻ പറഞ്ഞു.ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ് പ്രഖ്യാപനങ്ങൾ നടത്തിയത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന്റെ ആരോഗ്യസംരക്ഷണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അടുത്ത 3 വർഷത്തിനുള്ളിൽ 850 കോടി രൂപ കൂടി കേരളത്തിൽ നിക്ഷേപിക്കും. ആരോഗ്യസേവനരംഗത്തെ അമരക്കാരെന്ന നിലയിൽ കേരളത്തിന്റെ കഴിവിൽ ഞങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഒപ്പം, കേരളത്തിലെ ആരോഗ്യരംഗത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ പുലർത്തുന്ന മേധാവിത്വം കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപസംഗമത്തിന്റെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപകചെയർമാൻ ആസാദ് മൂപ്പനും ഡയറക്ടർ അനൂപ് മൂപ്പനും മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി പി. രാജീവുമായും കൂടിക്കാഴ്ച നടത്തി.