മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതി: കേരളത്തിന് വൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രി
കൊച്ചി: വികസന പ്രവർത്തനങ്ങൾക്കായി കേരളത്തിന് മൂന്ന് ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് ഗ്ലോബൽ സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് വികസനമുൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായാണ് മൂന്ന് ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.കൂടാതെ, പാലക്കാട്-മലപ്പുറം പാതയ്ക്ക് 10000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് 5000 കോടി അനുവദിക്കും. ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറ് വരിയാക്കും. റബർ അധിഷ്ഠിതമായ റോഡ് നിർമ്മാണം കേരളത്തിലെ റബർ മേഖലയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വ്യവസായ വികസനത്തിന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും കേന്ദ്രത്തിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ പുരോഗമിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ പിന്തിരിഞ്ഞ് നില്‍ക്കാനാകുമെന്ന് ചോദിച്ച കേന്ദ്രമന്ത്രി, സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ചും സംസാരിച്ചു.പദ്ധതി നടപ്പായാൽ തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലെ യാത്ര സമയം കുറയുമെന്നും അറിയിച്ചു. കേരള വ്യവയാസ വകുപ്പ് മന്ത്രി പി രാജീവിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. പി രാജീവ് രാജ്യത്തെ മികച്ച പാർലമെൻ്റേറിയനായിരുന്നുവെന്ന് അദ്ദേഹം പ്രശംസിച്ചു. കൊച്ചി ജലമെട്രോയെ പ്രശംസിച്ച് സംസാരിച്ച കേന്ദ്രമന്ത്രി ജയന്ത് ചൗധരി, വാട്ടർ മെട്രോയെ പറ്റി കേരളത്തിൽ നിന്ന് പഠിക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിക്കുമെന്നും അറിയിച്ചു.