കത്തികൊണ്ട് കഴുത്ത് വെട്ടിയശേഷം അമ്മയെ മകൻ ഗ്യാസ് സിലിണ്ടർ കൊണ്ടിടിച്ചു കൊലപ്പെടുത്തി

മലപ്പുറം:കല്‍പ്പകഞ്ചേരിയില്‍ അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തി. 62 വയസുള്ള ആമിനയാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്‍പ്പകഞ്ചേരിയിലെ കാവുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാവിലെ ഏഴ് മണിയോടെയായിരുന്നു ക്രൂര കൊലപാതകം. ആമിനയും ഭര്‍ത്താവും മാനസിക വെല്ലുവിളി നേരിടുന്ന മകനുമാണ് ഒരു വീട്ടില്‍ താമസിക്കുന്നത്. കൃത്യം നടക്കുന്ന സമയത്ത് ആമിനയുടെ ഭര്‍ത്താവ് ഇറച്ചിക്കടയിലേക്ക് ജോലി ചെയ്യുന്നതിനായി പോയിരിക്കുകയായിരുന്നു.മകന് ചില ആവശ്യങ്ങള്‍ പറഞ്ഞപ്പോള്‍ ആമിന അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇതില്‍ കോപാകുലനായ മകന് അടുക്കളയിലായിരുന്ന ആമിനയുടെ പിന്നിലൂടെ ചെന്ന് അപ്രതീക്ഷിതമായി കത്തിയെടുത്ത് വെട്ടുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ആമിനയെ മകന് ഗ്യാസ്കുറ്റിയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. ആമിന തത്ക്ഷണം മരിച്ചു. കൊലയ്ക്ക് ശേഷവും മകന് യാതൊരു കൂസലുമില്ലാതെ വീട്ടില്‍ തന്നെയിരിക്കുകയായിരുന്നു. പിന്നീട് അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.