“നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കും”:മന്ത്രി എം ബി രാജേഷ്

0

 

തിരുവനന്തപുരം:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുന്ന വിവരം സർക്കാർ പ്രഖ്യാപിച്ചതാണെന്ന് മന്ത്രി എം ബി രാജേഷ്. കെട്ടിട നിർമ്മാണ ചട്ടത്തിലുൾപ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാലോചിതമായ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സർക്കാർ നൽകിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണ്.

2024ൽ മാത്രം ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി 47 പരിഷ്കരണ നടപടികളാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് സ്വീകരിച്ചത്. ചട്ടങ്ങളിലും നടപടിക്രമത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമിലുമുൾപ്പെടെ കൊണ്ടുവന്ന ഈ പരിഷ്കരണങ്ങൾ വ്യവസായ സമൂഹം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഈ ഇടപെടൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രി.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിലെ പ്രധാന മാനദണ്ഡങ്ങളിലൊന്നായ മുൻസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും സേവനപ്രദാനത്തിന്റെ ഗുണമേന്മയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയത് . തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സുപ്രധാന നേട്ടമാണ്. സുതാര്യത വർധിപ്പിക്കുന്നതിന് ജനങ്ങൾക്ക് വേണ്ടി കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനായി ഡാഷ്ബോർഡ്, സിറ്റിസൺ പോർട്ടലുകളുമടക്കം പരിഷ്കരിച്ചു.

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസിൽ 60%വരെ കുറവ് വരുത്തുകയും ചെയ്തു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാൻ കെ സ്മാർട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ സ്മാർട്ടിന്റെ ആദ്യഘട്ടം മുതൽക്കു തന്നെ വ്യവസായസൗഹൃദ നിർദ്ദേശങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടാണ് സോഫ്ട്‍വെയർ വികസിപ്പിച്ചത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതൽ വ്യവസായ സൌഹൃദമാക്കുന്നതിനായി 1996-ലെ കേരള പഞ്ചായത്ത് രാജ് (ഫാക്ടറികൾക്കും, വ്യാപാരങ്ങൾക്കും, സംരംഭക പ്രവർത്തനങ്ങൾക്കും, മറ്റ് സേവനങ്ങൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുകയാണ്. കൂടുതൽ സംരഭക സൗഹൃദമാക്കുന്നതിന് കൂടി ഉദ്ദേശിച്ചുകൊണ്ട് പ്രസ്തുത ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിക്കാനുള്ള കരട് ചട്ടങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *