ആദ്യഘട്ട ചികിത്സ ഒന്നര മാസക്കാലം : മസ്‌തകത്തിൽ വെടിയേറ്റ ആനയുടെ ചികിത്സ ആരംഭിച്ചു

തൃശൂർ: മസ്തകത്തിൽ മുറിവേറ്റ ആനയുടെ ആദ്യഘട്ട ചികിത്സയ്ക്കായി ഒന്നര മാസം വേണ്ടി വരുമെന്ന് ചീഫ് വെറ്റിനറി സർജൻ ഡോ അരുൺ സക്കറിയ. ആനയുടെ മുറിവിന് ഒരടിയോളം താഴ്ച ഉണ്ടായിരുന്നു. ആന മയങ്ങി കിടന്ന സമയം കൊണ്ട് പ്രാഥമിക ചികിത്സ പൂർണമായി നൽകാനായി. മസ്തകത്തിലെ പഴുപ്പ് പൂർണമായി നീക്കം ചെയ്തു. നിലവിൽ ആന്റി ബയോട്ടിക്കുകളും ഇൻജക്ഷനും ആനയ്ക്ക് നൽകിയെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുൺ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.
മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ ഇന്ന് രാവിലെ കണ്ടെത്തിയത് വെറ്റിലപ്പാറയിലെ ചിക്ലായിയിൽ നിന്നായിരുന്നു. കൂട്ടിന് ഏഴാറ്റുമുഖം ഗണപതിയും ഒപ്പം ഉണ്ടായിരുന്നു. ചാലക്കുടിപ്പുഴ നീന്തിക്കടന്ന് ഇരുവരും കാലടി പ്ലാന്റേഷനിലേക്കാണ് പോയത്. ഏഴാറ്റുമുഖം ഗണപതി അരികിൽ നിൽക്കെ മുറിവേറ്റ ആനയെ മയക്കുവെടി വെക്കുകയായിരുന്നു. വെടിയേറ്റ ആന ഗണപതിക്കൊപ്പം അല്പ ദൂരം മുന്നോട്ടു നീങ്ങിയെങ്കിലും പതിയെ മയങ്ങി. ഒപ്പം ഉണ്ടായിരുന്ന ചങ്ങാതിക്ക് ആപത്തു പിണഞ്ഞു എന്ന് മനസ്സിലായ ഏഴാറ്റുമുഖം ഗണപതി പലകുറി മുറിവേറ്റ കൊമ്പനെ മയക്കത്തിൽ നിന്ന് ഉണർത്താൻ ശ്രമിച്ചു. ആന താഴെ വീണതും ഗണപതിയെ റബർ ബുള്ളറ്റ് പ്രയോഗിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. മുറിവിൽ മരുന്നു വെച്ചശേഷം കുങ്കികളെ ഉപയോഗിച്ച് ആനയെ ഉയർത്തി. അതിനിടയിൽ ആന എഴുന്നേറ്റെങ്കിലും കോന്നി സുരേന്ദ്രനും, കുഞ്ചുവും, വിക്രവും ചേർന്ന് ആനയെ തള്ളി അനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു. ഒരു മണിക്കൂറെടുത്താണ് ആനയെ കോടനാട് അഭയാരണ്യത്തിൽ എത്തിച്ചത്.
പ്രത്യേക മെഡിക്കൽ സംഘം ആനയ്ക്ക് നൽകേണ്ട ചികിത്സയെക്കുറിച്ച് മാർഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ട്. നിലവിൽ ശാന്തനായാണ് കാണുന്നത്.കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ വർഷം മാത്രം ഏറ്റുമുട്ടലിൽ ചരിഞ്ഞത് 12 ആനകളാണെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു.