രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി: ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.

ന്യുഡൽഹി :കേരള കേഡർ IAS ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ വിയോജന കുറിപ്പ് നൽകിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം. ജസ്റ്റിസ് കെഎം ജോസഫിൻറെ വിധി ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി വിയോജന കുറിപ്പ് നൽകിയത്. മറ്റന്നാൾ ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ഈ നിലപാടറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പേരുകൾ യോഗത്തിൽ ചർച്ചക്കെടുത്തു. ഈ ഘട്ടത്തിൽ എതിർപ്പുന്നയിച്ച രാഹുൽ ഗാന്ധി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുമെന്ന് പറഞ്ഞു. പേരുകൾ നിശ്ചയിച്ചതിൽ രാഹുൽ പങ്കെടുത്തില്ലെന്ന് രേഖപ്പെടുത്താമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പു നൽകി. ഇറങ്ങി പോകാതെ യോഗത്തിൽ ഇരിക്കണമെന്ന് രാഹുലിനോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇതേ തുടർന്ന് യോഗം തീരും വരെ രാഹുൽ ഗാന്ധി യോഗത്തിൽ ഇരുന്നു.