ജാതീയ അധിക്ഷേപം: ഇന്ത്യൻ ഓവർസീസ് ബാങ്ക്ഉദ്യോഗസ്ഥർക്കെതിരെ കേസ്

എറണാകുളം: ഇന്ത്യൻ ഓവർസീസ് ബാങ്ക് റീജിയണൽ ഓഫിസിൽ ജാതീയ അധിക്ഷേപം നടന്നതായി പരാതി. എറണാകുളം റീജയണൽ ഓഫിസിലെ അസിസ്റ്റൻ്റ് ജനറൽ മാനേജരായ കശ്‌മീർ സിങ്, ചീഫ് റീജിയണൽ മാനേജരായ നിതീഷ് കുമാർ സിൻഹ എന്നിവർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. അസിസ്റ്റൻ്റ് മാനേജർ ആയ കൊച്ചി സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത്.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി പെരുമാറി എന്നുമാണ് കേസ്. അസിസ്റ്റൻ്റ് ജനറൽ മാനേജരായ കശ്‌മീർ സിങ് ഒന്നാം പ്രതിയും ചീഫ് റീജിയണൽ മാനേജരായ നിതീഷ് കുമാർ സിൻഹ രണ്ടാം പ്രതിയുമാണ്. ‘നീച്ചേ ആദ്‌മി ചമേൻ കെ ബച്ചേ’ തുടങ്ങിയ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയതായി പരാതിയിൽ പറയുന്നു.
2024 ആഗസ്റ്റ് മാസം 7-ാം തിയതി അസിസ്‌റ്റന്‍റ് ജനറൽ മാനേജരായ കശ്‌മീർ സിങ് അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ മരുന്ന് വാങ്ങി നൽകണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയാറാകാത്തതിനെ തുടർന്ന് പരാതിക്കാരനെ മർദിച്ചുവെന്നാണ് കേസ്. ജാതീയമായി അധിക്ഷേപിക്കുകയും, ചായ വാങ്ങിക്കൽ ഉൾപ്പടെ ഓഫിസ് ഇതര ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്‌തുവെന്നും പരാതിക്കാരൻ പറഞ്ഞു.
‘ജാതീയാധിക്ഷേപവും തൊഴിൽ പീഡനവും കാരണം മുളവ്‌കാട് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് അസിസ്റ്റൻ്റ് മാനേജരായ കശ്‌മീർ സിങ് ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചു. നേരത്തെ, ഉത്തരേന്ത്യയിലേക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ജീവനക്കാർ നടത്തിയ പ്രതിഷേധത്തിന് പിന്തുണ നൽകിയെന്നാരോപിച്ച് സസ്പെൻഡും ചെയ്‌തിരുന്നു.
കഴിഞ്ഞ മാസം പത്താം തീയതി സസ്പെൻഷന് ശേഷം ജോലിയിൽ പ്രവേശിക്കാനിരിക്കെ അഹമ്മദാബാദിലേക്ക് ട്രാൻസ്‌ഫർ ചെയ്യുകയായിരുന്നുവെന്നും പരാതിക്കാരൻ പറയുന്നു. ഇതോടെയാണ് വീണ്ടും പരാതിയുമായി എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചത്. ദളിത് പീഡന നിരോധന നിയമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്.