സ്വവര്‍ഗാനുരാഗി ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വെടിയേറ്റു മരിച്ചു

ദക്ഷിണാഫ്രിക്ക: എല്‍ജിബിടിക്യൂ വിഭാഗത്തിനായി പ്രവര്‍ത്തിച്ചിരുന്ന , ലോകത്തില്‍ ആദ്യമായി പരസ്യമായി സ്വവര്‍ഗാനുരാഗി ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഗബേഹയ്ക്ക് സമീപത്ത് വച്ചാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ മുഖമൂടി ധരിച്ച അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ ഓടി രക്ഷപ്പെട്ടു. എന്തിനാണ് ഇമാമിനെ വധിച്ചത് എന്നത് വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.1996ലാണ് അദ്ദേഹം താന്‍ സ്വവർഗഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.
കേപ് ടൗണിലെ തന്റെ ജന്മദേശത്തിന് സമീപം വിന്‍ബര്‍ഗില്‍ ഒരു പള്ളി തന്നെ അദ്ദേഹം നടത്തുന്നുണ്ട്. സ്വവര്‍ഗാനുരാഗികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്കും സുരക്ഷിതമായ താവളമെന്ന നിലയിലായിരുന്നു പള്ളിയുടെ പ്രവര്‍ത്തനം. 2007-ല്‍ പുറത്തിറങ്ങിയ ‘എ ജിഹാദ് ഫോര്‍ ലവ് ‘എന്ന ഡോക്യുമെന്ററി സിനിമയില്‍ ഹെന്‍ഡ്രിക്‌സ് പ്രത്യക്ഷപ്പെട്ടു . 2022-ല്‍, ജര്‍മ്മന്‍ ഡോക്യുമെന്ററി ചിത്രമായ ദി റാഡിക്കലും അദ്ദേഹത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചതായിരുന്നു. ഇന്റര്‍നാഷണല്‍ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ആന്‍ഡ് ഇന്റര്‍സെക്സ് അസോസിയേഷന്‍ കൊലപാതകത്തെ അപലപിച്ചു.