മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിസ്മരിച്ചതിൽ വിശദീകരണവുമായി ശശി തരൂർ

പിണറായി സർക്കാരിൻ്റെ വികസന നേട്ടങ്ങളെക്കുറിച്ചും അമേരിക്കയുമായുള്ള മോദി സർക്കാറിൻ്റെ നയപരമായ തീരുമാനങ്ങളെയും പുകഴ്ത്തി ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ശശി തരൂരിന്റെ ലേഖനം വായിച്ച് കോൺഗ്രസ്സിൽ ചൂടേറിയ ചർച്ചയാവുകയും ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ ‘ക്ഷുഭിത’രാകുകയും ചെയ്തിട്ടുണ്ട്. .ഇതിനിടയിൽ ലേഖനത്തിലെവിടെയും ഉമ്മൻചാണ്ടി സർക്കാർ ചെയ്ത വികസന നേട്ടങ്ങളെ തരൂർ പരാമർശിക്കാത്തതിൽ ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയിരിക്കയാണ് .ഇതിനൊരു വിശദീകരണം തൻ്റെ ഫേസ് ബുക്ക് പേജിലൂടെ ഇന്ന് നൽകിയിരിക്കയാണ് തരൂർ.
ഫേസ്ബുക്ക് പോസ്റ്റ് :
“എന്റെ ഇന്ത്യൻ എക്സ്പ്രസിൽ വന്ന ലേഖനത്തിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമർശിക്കാത്തത് ചിലർ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂർവമല്ല.ആ ലേഖനത്തിൽ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളിൽ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിൽ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയും കേരളത്തിന് കാതലായ വളർച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ഒരു ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റ് എ കെ ആൻറണി സർക്കാറിൻ്റെ കാലത്ത് നടത്തിയതും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു.സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തിൽ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതിൽ മാറ്റങ്ങൾ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകൾ ആയിരുന്നു എൻ്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം.”