ഇ.ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടി : ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90?
തൃശൂര്‍: ഇ.ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഷഫീര്‍ ബാബുവിനെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്‌സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസുകാരനുള്‍പ്പെടെ ആറുപേരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്.
ഇ.ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് ദക്ഷിണ കര്‍ണാടകയിലെ ഒരു വീട്ടിലെത്തി വ്യാജ പരിശോധന നടത്തി വീട്ടിലുണ്ടായിരുന്ന മൂന്നരക്കോടി രൂപയോളം തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ പരിശോധന നടത്തി പോയതിനുശേഷമാണ് തട്ടിപ്പിനിരയായി എന്ന് വീട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.
ദക്ഷിണ കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്‌സില്‍ ഷഫീര്‍ ബാബുവിനെ തേടി എത്തുകയായിരുന്നു. ഫഷീര്‍ ബാബുവിന്റെ അറസ്റ്റിനുപിന്നാലെ കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സാമ്പത്തിക തിരിമറിക്കേസില്‍ മുമ്പും ഷഫീര്‍ ബാബു ഉള്‍പ്പെട്ടിരുന്നു എന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞ വിവരം. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ പോലീസ് കര്‍ണാടകയിലേക്ക് കൊണ്ടുപോയി.