“ജൂൺ മാസം വരെ സമയമുണ്ട്.ആരുമായും ചർച്ചയ്ക്ക് തയ്യാർ ” -സിയാദ് കോക്കർ

0

എറണാകുളം :സിനിമ സമരവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൂടേറിയ വാർത്തകളായി പ്രചരിക്കുകയും സിനിമാ സംഘടനകളിൽ വിഭാഗീയമായ പ്രതികരണങ്ങൾക്കു വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ് .സംഘടന പിളരുമോ എന്ന് ചിന്തിച്ചാണ് ചിലരിപ്പോൾ ആശങ്കപ്പെടുന്നത്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന സിനിമാ സമരം കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചത്. ജൂൺ 1 മുതൽ ചലച്ചിത്ര നിർമ്മാണം പൂർണമായി നിർത്തിവയ്ക്കുമെന്നും, തിയേറ്ററുകൾ അടച്ചിടും എന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു.

എന്നാൽ നിർമ്മാതാക്കളുടെ തീരുമാനത്തെ അസംതൃപ്‌തിയോടെയാണ് ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകർ സമീപിച്ചത്. നിർമ്മാതാക്കളുടെ തീരുമാനത്തിനെതിരെ സംഘടന അംഗവും, നിർമ്മാതാവും, ഫിയോക് പ്രസിഡണ്ടുമായ ആന്‍റണി പെരുമ്പാവൂർ ആദ്യമായി വിമർശിച്ചുകൊണ്ട് സുദീർഘമായ ഒരു കുറുപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു.

ആന്‍റണി പെരുമ്പാവൂരിനെ പിന്തുണച്ചുകൊണ്ട് മോഹൻലാൽ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ടോവിനോ തോമസ്, അടക്കമുള്ള മുൻനിര താരങ്ങൾ മുന്നോട്ടുവന്നു. സിനിമ സമരം അംഗീകരിക്കപ്പെടാവുന്ന കാര്യമല്ലെന്ന് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷന്‍റെ ഒരു വിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു.

ലിബർട്ടി ബഷീർ അടക്കമുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് യൂണിയന്‍റെ ഭാരവാഹികളും നിർമ്മാതാക്കളുടെ തീരുമാനത്തെ എതിർക്കുന്നുണ്ട് . എന്നാൽ ഫിലിം പ്രൊഡ്യൂസേഴ്‌സ് യൂണിയൻ പ്രസിഡന്‍റ് ആൻഡോ ജോസഫ് ഈ വിഷയത്തെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.മുൻനിര താരങ്ങൾ വരെ നിർമ്മാതാക്കളുടെ തീരുമാനത്തെ വിമർശന ബുദ്ധിയോടെ സമീപിക്കുന്നത് പ്രശ്‌നങ്ങൾ രൂക്ഷ സ്വഭാവത്തിലേക്ക് കടക്കാൻ കാരണമാകും എന്ന് ഈ മേഖലയിലുള്ളവർ വിശ്വസിക്കുന്നു. ചലച്ചിത്ര മേഖലയിലുള്ള ഭൂരിഭാഗം പേർക്കും സിനിമാ സമരം എന്ന കാഴ്‌ചപ്പാടിനോട് അഭിപ്രായമില്ല.സിനിമ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി തരണം ചെയ്യാനാണ് സംഘടന ഇത്തരത്തിലേക്കുള്ള തീരുമാനത്തിലേക്ക് എത്തിയത്. സംഘടനയുടെ തീരുമാനങ്ങളെ പിൻതാങ്ങുന്നു എന്നും ലിസ്റ്റിൻ പറഞ്ഞു.സംഘടനയെടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായും. ഒരു സൂചന പണിമുടക്ക് എന്തായാലും സംഭവിക്കുമെന്നും നിർമ്മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ചുകൊണ്ട് ഭാരവാഹി ശ്രീ സിയാദ് കോക്കർ പ്രതികരിച്ചു. ഒരു പണിമുടക്ക് സംഭവിച്ചാൽ മാത്രമാണ് കാര്യങ്ങളുടെ ഗൗരവം ഗവൺമെന്‍റിന് ബോധ്യപ്പെടുകയുള്ളൂ എന്നും സിയാദ് കോക്കർ പറയുന്നു. സമരം പ്രഖ്യാപിച്ചിരിക്കുന്നത് ജൂൺ മാസത്തിലാണ്. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ധാരാളം സമയം നമുക്ക് മുന്നിലുണ്ട്.

അതിനിടയിൽ ഇതിനൊക്കെ ഒരു പരിഹാരം കാണാൻ സാധിച്ചാൽ സിനിമാ സമരം ഒഴിവാക്കപ്പെടും. ഇവിടെ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ അല്ല നിർമാതാക്കളുടെ സംഘടന ശ്രമിക്കുന്നത്. പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ആണെന്നും സിയാദ് കോക്കർ പറഞ്ഞു. പെട്ടെന്നൊരു സമരം പ്രഖ്യാപിച്ച് ആരെയും ബുദ്ധിമുട്ടിലാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല.

സമരത്തിലേക്ക് കടക്കാൻ ജൂൺ മാസം വരെ സമയമുണ്ട്. ആരുമായും, ഏത് രീതിയിലുള്ള ചർച്ചയ്ക്കും നിർമ്മാതാക്കളുടെ സംഘടന തയ്യാറാണ്. ഇതൊന്നും ഫലവത്തായില്ലെങ്കിൽ സൂചന പണിമുടക്ക് നടത്തും. എന്നിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കട്ടെ എന്ന് തന്നെയാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. സിയാദ് കോക്കർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *