മോദി സ്തുതി: തരൂരിനെതിരെ കോൺഗ്രസ്സിലെ ഒരു വിഭാഗം പരാതി നൽകി .

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന്റെ പേരിൽ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി. ലേഖനത്തെ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഒരു വിഭാഗം കേരള നേതാക്കൾ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. മോദിയുടെ യു എസ് സന്ദർശനത്തെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം പരിശോധനിക്കുമെന്നും ലേഖനം താൻ വായിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പരാതി നൽകില്ലെന്നാണ് സൂചന.അതേസമയം ശശി തരൂര്‍ എം പിയുടെ നിലപാട് പരസ്യമായി തന്നെ കോൺഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്. തരൂരിന്റെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും ദേശീയ വക്താവ് പവന് ഖേര പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടല്ലെന്നും തീരുവ അടക്കമുള്ള വിഷയങ്ങളില്‍ മോദിയെ ഇരുത്തി വിരട്ടിയ ട്രംപിന്റെ നയത്തോട് എങ്ങനെ യോജിക്കാനാകുമെന്നും കോണ്‍ഗ്രസ് വക്താവ് പവന് ഖേര ചോദിച്ചു.
മോദിയേയും മോദിയുടെ രാഷ്ട്രീയ നിലപാടുകളേയും നയങ്ങളേയും പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് ശക്തമായി എതിർത്തുകൊണ്ടിരിക്കുമ്പോഴാണ് തരൂരിന്റെ മോദി സ്തുതി എന്നത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കയാണ്.മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ അടിമുടി വിമര്ശിക്കുമ്പോഴായിണിത് എന്നതും ശ്രദ്ധേയമാണ്.
മോദിയുടെയും ട്രംപിന്റെയും പ്രസ്താവനകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും, വ്യാപാര മേഖലയില്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുമാണ് തരൂര്‍ പറഞ്ഞത്. തരൂരിന്റെ പ്രസ്താവനക്ക് പിന്നാലെ മോദി നയങ്ങൾക്കുള്ള അംഗീകാരമെന്ന വലിയ പ്രചാരണം ബി ജെ പി സമൂഹമാധ്യമങ്ങളില്‍ സജീവമാക്കിയിട്ടുണ്ട്.