മോദിയുടെ സന്ദർശനം കേസുകളെ സ്വാധീനിച്ചിട്ടില്ല :ഡി വൈ ചന്ദ്രചൂഡ്

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗണപതി പൂജയ്ക്ക് തന്റെ വീട്ടിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേസുകളെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
‘ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള പ്രാഥമിക മര്യാദകള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കേണ്ടതില്ല. അത്തരം പ്രാഥമിക മര്യാദകള്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനെ ബാധിക്കില്ലെന്ന് തിരിച്ചറിയാന്‍ നമ്മുടെ സംവിധാനത്തിന് പക്വതയുണ്ട്’ – ചന്ദ്രചൂഡ് പറഞ്ഞു. പ്രധാനമന്ത്രിയും താങ്കളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന സന്ദേശമല്ലേ പൊതുജനത്തിന് ലഭിക്കുക എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുന്‍ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. കൂടിക്കാഴ്ചക്ക് മുമ്പാണ് ഇലക്ടറല്‍ ബോണ്ട് കേസില്‍ വിധി പറഞ്ഞത്. കൂടിക്കാഴ്ചക്ക് ശേഷവും സര്‍ക്കാരിന് എതിരെ നിരവധി കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ടെന്നും ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.