ഓർമയിലെന്നും ഒഎൻവി ….!

0

ഏകാന്തതയുടെ അമാവാസിയിൽ കൈവന്ന തുള്ളിവെളിച്ചമാണ് കവിതയെന്നുപറഞ്ഞ  ആത്മസൗന്ദര്യത്തിൻ്റെ ഭാവശിൽപ്പി വിടപറഞ്ഞിട്ട് ഇന്ന് ഒമ്പതുവർഷം !
ജീവിതത്തോടുള്ള തന്റെ പ്രതികരണമാണ് കവിതയെന്നും തന്റെ ജീവിതരീതി തന്നെ അതാണെന്നും
സാഹിത്യത്തിൻ്റെ ‘ജ്ഞാനപീഠം ‘കീഴടക്കിയ ഒഎൻവി പുതുക്കി പറഞ്ഞിട്ടുമുണ്ട് .ചില്ലുജാലകം മലർക്കെ തുറന്നിട്ട് ചാരുകസേരയിൽ ചാഞ്ഞിരുന്ന് ജനങ്ങളുടെ ദുരിതവും ദുരവസ്ഥകളും പ്രണയവും വിരഹവും കാല്പനീകരിച്ച്‌ കവിതയോ കഥയോ എഴുതുന്ന ഒരാളായിരുന്നില്ല ONV.കരിമണ്ണിൽ പകലന്തിയോളം പണിയെടുത്ത് ഒടുവിൽ ജീവിതം ചുമച്ചുചുമച്ച്‌ തുപ്പിതീർക്കുന്ന ,ചകിരിച്ചോറിൽ വിയർപ്പിൻ്റെ ഉപ്പുരസം ചാലിച്ച ഒരുപറ്റം തൊഴിലാളികൾക്കിടയിൽ വളർന്ന് അവരുടെ യാതനയും വേദനയും സ്വന്തം ദുഖമാക്കിയകവിയായിരുന്നു. ‘പൊന്നരിവാളമ്പിളിയും ..’,അത്തിക്കായ്കൾ പഴുത്തല്ലോ’യുമൊക്കെ ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നതും അതുകൊണ്ടാണ്.വയലാറും പി.ഭാസ്‌കരനുമൊക്കെ ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനിൽക്കുന്ന കാലത്താണ് സ്വന്തമായൊരു രചനാരീതി രൂപപ്പെടുത്താൻ കവിക്ക് സാധിച്ചത്.എഴുതിയ ഗാനങ്ങളും കവിതകളുമെല്ലാം പ്രണയാർദ്രതയുംഗൃഹാതുരതയും നിഴലിക്കുന്നതായിരുന്നു.ഏകാന്തവ്യഥകൾ നൽകുന്ന മുറിവേറ്റ ചിന്തകൾക്കും മനസ്സുകൾക്കു൦മേൽ തേൻപുരട്ടുന്ന തൂവൽ ഉഴിയുന്ന സാന്ത്വനമായും പല ഗാനങ്ങൾ മാറി . നിറനിലാവുകണ്ടു പ്രണയാതുരനാകാനും അതു കവിതയാക്കിപകർത്താനും കഴിഞ്ഞൊരു കവിയായിരുന്നില്ല ആദ്യകാലത്തെ ഒഎൻവി .കാരണം അദ്ദേഹത്തിനുള്ളിൽ നിറഞ്ഞു നിന്നിരുന്നത് മാനവികതയുടെ നിലാവെളിച്ചമായിരുന്നു.മനുഷ്യന്റെ ജീവിതാവസ്ഥകളെക്കുറിച്ചും അവന്റെ അകം നിറഞ്ഞ വേനലിനെക്കുറിച്ചും പുഞ്ചിരിക്കെടുത്തുന്ന മുഖത്തെ ദുഃഖമേഘങ്ങളെ ക്കുറിച്ചുമൊക്കെ പാടാനും എഴുതാനുമായിരുന്നു എഴുത്തിന്റെ ആരംഭകാലങ്ങളിൽ അദ്ദേഹം ശ്രമിച്ചിരുന്നത്.കൃഷിപ്പാട്ടും പണിപ്പാട്ടുമായി ഉശിരിന്റേയും ഉണർവിന്റെയും വരികൾ അദ്ദേഹത്തിൽ നിന്നും പിറന്നുകൊണ്ടേയിരുന്നു.
ആ വിപ്ലവമനസ്സിന് അമാവാസിക്കുശേഷം മാനത്ത് കണ്ട ചന്ദ്രനെ പൊന്നരിവാളായി തോന്നിയതും അതുകൊണ്ടാണ്.
കവി ഒരു പ്രവാചകൻകൂടി ആയിരിക്കണം എന്ന തത്വത്തെ പ്രത്യക്ഷത്തിൽ അംഗീകരിക്കേണ്ടിവരുന്ന രചനയാണ്‌ അദ്ദേഹത്തിൻ്റെ ‘ഭൂമിക്കൊരു ചരമഗീതം ‘. ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അത് വഴി മനുഷ്യരാശിക്കുണ്ടാകുന്ന നാശത്തെക്കുറിച്ചുമൊക്കെ നമ്മൾ ചർച്ചകൾക്ക് തുടക്കമിടുന്നതിനും എത്രയോ മുമ്പ് ദീർഘവീക്ഷണത്തോടെ എഴുതപ്പെട്ട രചന .ഉജ്ജയിനിയും സ്വയംവരവുമൊക്കെ മലയാളത്തിനുമാത്രമായ കാവ്യസരണിയെ വീണ്ടെടുക്കുന്ന സൃഷ്ടികളാണ് .പരമ്പരാഗത കാവ്യഭംഗി നിറഞ്ഞു നിൽക്കുന്ന ഉദാത്തമായ രചനകൾ .

ശീതത്തിൽ ഉഷ്ണമായും ഉഷ്ണത്തിൽ ശീതമായും മാറുന്ന സ്നേഹാഗ്നിയായി ഒരു കവിതകളും ഗാനങ്ങളും ആസ്വാദകനെ അദ്ദേഹം അനുഭവപ്പെടുത്തി.കവിതയെ സ്നേഹിക്കാത്തവരെപ്പോലും കവിത മൂളുന്ന, പാട്ടിനായി കാതോർക്കുന്ന ആസ്വാദകനാക്കാൻ ഒഎൻവി എന്ന മൂന്നക്ഷരത്തിന് കഴിഞ്ഞു എന്ന മാസ്‌മ രികതയിലാണ് അനശ്വര ലിഖിതങ്ങളിലൂടെ അദ്ദേഹം ഇന്നും ‘ജീവിക്കുന്നത് ‘ .

മുരളി പെരളശ്ശേരി

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *