പാതിവില തട്ടിപ്പ് :അന്വേഷണം വിദേശത്തും

എറണാകുളം : പകുതി വില തട്ടിപ്പ് കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഇതിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ഇഡി ഉടൻ ഇസി ഐ ആർ (എൻഫോഴ്സ്മെന്‍റ് കേസ് ഇൻഫര്‍മേഷൻ റിപ്പോര്‍ട്ട്) രജിസ്റ്റർ ചെയ്യും. ഇതിന്‍റെ ഭാഗമായുള്ള നടപടികൾ തുടങ്ങിയതായി കൊച്ചി യൂണിറ്റിലെ ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
അനന്തു കൃഷ്‌ണൻ മുഖ്യപ്രതിയായ പാതിവില തട്ടിപ്പിന്‍റെ മറവിൽ കളളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുക. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുക. പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുന്നത് ഉൾപ്പടെയുള നടപടികളിലേക്കും ഇഡി കടന്നേക്കും.
കേരളമാകെ നടന്ന കോടികളുടെ തട്ടിപ്പിലൂടെ അനന്തു കൃഷ്‌ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്‌ണൻ ശ്രമിച്ചെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ സ്ഥിരീകരണമായാൽ പി എം എൽ എ ക്ക് പുറമെ മറ്റു വകുപ്പുകൾ കൂടി ചുമത്താൻ ഇഡിക്ക് കഴിയും.മുഖ്യപ്രതി അനന്തു കൃഷ്‌ണൻ്റെ ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർക്കുകയും മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യപേക്ഷ തള്ളുകയും ചെയ്‌തിരുന്നു. ഇതൊരു സിവിൽ കേസാണെന്നും ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അതേസമയം, ഒരോ ദിവസവും പാതിവില തട്ടിപ്പിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുകയാണ്. ഇതുവരെ അഞ്ഞൂറോളം കേസുകളാണ് വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്‌തത്