അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു

: രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരി മഹന്ത് സത്യേന്ദ്ര ദാസ് ബുധനാഴ്‌ച അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് 85 കാരനായ മഹന്ത് സത്യേന്ദ്ര ദാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഈ മാസം ആദ്യം സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (SGPGI) അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മഹന്ത് സത്യേന്ദ്ര ദാസിന്‍റെ ആരോഗ്യനില വഷളായിരുന്നു. ജനുവരി 29 ന് മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് അദ്ദേഹത്തെ അയോധ്യയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഫെബ്രുവരി 4 ന് ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര സംവാദ് കേന്ദ്രമാണ് സത്യേന്ദ്ര ദാസിന്‍റെ വിയോഗം അറിയിച്ചത്. നിർവാണി അഖാരയിൽ നിന്നുള്ള ദാസ്, അയോധ്യയില്‍ എത്തുന്നവര്‍ക്ക് അടുത്ത് ഇടപെഴകാൻ പറ്റിയ സന്യാസിമാരിൽ ഒരാളായിരുന്നു. അയോധ്യയെയും രാമക്ഷേത്ര വികസനങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ രാജ്യത്തുടനീളമുള്ള നിരവധി മാധ്യമപ്രവർത്തകരോട് അദ്ദേഹം പങ്കുവച്ചിരുന്നു.20 വയസ്സുള്ളപ്പോൾ മുതൽ തന്നെ അദ്ദേഹം രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായി സേവനമനുഷ്‌ഠിച്ചു. വ്യാഴാഴ്‌ച അയോധ്യയിലെ സരയു നദിയുടെ തീരത്ത് അദ്ദേഹത്തിന്‍റെ അന്ത്യകർമ്മങ്ങൾ നടക്കും.