ക്രിമിനൽ പരാമർശവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്ന് മന്ത്രി ആർ ബിന്ദു
കോഴിക്കോട്: വീണ്ടും ക്രിമിനൽ പരാമർശവുമായി രംഗത്തെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണർ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഗവർണറുടെ പരാമര്‍ശനത്തിന് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്നും മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.
ഗവർണ്ണർ, സർക്കാർ പോരിന് പുതിയ ഇന്ധനമായി കേരള സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങളാണ് ഇന്ന് അരങ്ങേറിയത്. കേരള സർവ്വകലാശാല സെനറ്റ് യോഗത്തിലാണ് അധ്യക്ഷം വഹിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ആർ ബിന്ദുവിനെ ഗവർണർ ക്രിമിനൽ എന്ന് വിശേഷിപ്പിച്ചത്. ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവർക്ക് മറുപടി നൽകാനില്ലെന്നാണ് ആർ ബിന്ദു തിരിച്ചടിച്ചത്. ഗവർണർക്ക് പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോകാമെന്നും ആർ ബിന്ദു പ്രതികരിച്ചു. അതേസമയം, വിസി നിർണ്ണയ സമിതിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന കേരള സർവ്വകലാശാല സെനറ്റ് തീരുമാനം ഗവർണ്ണർ റദ്ദാക്കിയേക്കും.