30ലേറെ ആപ് എംഎല്‍എമാര്‍ കൂടെ വരുമെന്ന് കോൺഗ്രസ്സ്

0

ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബാജ്വ നടത്തിയ വെളിപ്പെടുത്തൽ ‘ആപ്പ് ‘ നേതൃത്തത്തെ വീണ്ടും ആശങ്കപ്പെടുത്തിയിരിക്കുന്നു. പഞ്ചാബില്‍ മുപ്പതിലേറെ ആപ് എംഎല്‍എമാര്‍ കൂറുമാറാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണെന്നുമാണ് പ്രതാപ് ബാജ്വ വെളിപ്പെടുത്തിയത്.

117 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 59 എംഎല്‍എമാരുടെ പിന്തുണയാണ്. ആം ആദ്‌മി പാര്‍ട്ടിക്ക് 94 പേരുടെ പിന്തുണയാണുള്ളത്. ഇതില്‍ മുപ്പത് പേര്‍ മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെ എതിര്‍ക്കുന്നവരാണെന്നാണ് പറയപ്പെടുന്നു.. അപ്പോഴും 64 പേരുടെ ഉറച്ച പിന്തുണ മുഖ്യമന്ത്രിക്കുണ്ട്.

. ഭഗവന്ത് സിങ് മാനിന്‍റെ നേതൃത്വത്തില്‍ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരിച്ച ആം ആദ്‌മി പാര്‍ട്ടിക്ക് 94 എംഎല്‍എമാരാണ് ഉള്ളത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനാകട്ടെ 16 എംഎല്‍എമാരും. ശിരോമണി അകാലി ദളിന് മൂന്നും ബിജെപിക്ക് രണ്ടും ബിഎസ്‌പി, സ്വതന്ത്രര്‍ എന്നിവര്‍ക്ക് ഓരോന്ന് വീതവും എംഎല്‍എമാരാണ് പഞ്ചാബ് നിയമസഭയിലുള്ളത്.

സര്‍ക്കാരിന് ഭീഷണിയില്ലെങ്കിലും പാളയത്തിലെ പട പറഞ്ഞൊതുക്കാനുള്ള നീക്കം ആം ആദ്‌മി നേതൃത്വം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനടക്കം മന്ത്രിമാരുടേയും പാര്‍ട്ടിയിലെ മുഴുവന്‍ എംഎല്‍എമാരുടേയും അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ് ആംആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ചൊവ്വാഴ്‌ചയാണ് യോഗം ചേരുക. ഡല്‍ഹിയില്‍ ആംആദ്‌മി പാര്‍ട്ടി നേരിട്ട തിരിച്ചടിയും 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവും യോഗം ചര്‍ച്ച ചെയ്യും.
പ്രതാപ് ബാജ്വ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് അദ്ദേഹം തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെങ്കിലും സംഗതി ആപ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. വഞ്ചനയിലും നുണകളിലും പൊള്ളയായ വാഗ്‌ദാനങ്ങളിലും കെട്ടിപ്പടുത്തതാണ് ആം ആദ്‌മി ഭരണം എന്ന് പ്രതാപ് സിങ്ങ് ബാജ്വ കുറ്റപ്പെടുത്തി.

“ഞാന്‍ അഴിമതിക്കാരനാണെങ്കില്‍ ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യില്ല എന്നായിരുന്നു മുമ്പ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ തിരസ്‌കരിച്ചു. കെജ്‌രിവാളിന്‍റെ പരാജയത്തോടെ നുണകളിലും വഞ്ചനയിലും പൊള്ളയായ വാഗ്‌ദാനങ്ങളിലും കെട്ടിപ്പടുത്ത ആംആദ്‌മി ഭരണം അവസാനിച്ചിരിക്കുകയാണ്.

സത്യസന്ധന്മാരെന്ന് അവകാശപ്പെടുന്ന പര്‍ട്ടിക്കാരുടെ തനി നിറം പഞ്ചാബിലെ ജനങ്ങളും കണ്ടു കഴിഞ്ഞു. 2022ലെ തെരഞ്ഞെടുപ്പ് കാലത്ത് കെജ്‌രിവാളും ഭഗവന്ത് സിങ് മാനും വോട്ടര്‍മാരെ വിഡ്ഢികളാക്കാന്‍ വലിയ വാഗ്‌ദാനങ്ങള്‍ നല്‍കിയാണ് വോട്ട് നേടിയത്. സ്ത്രീകള്‍ക്ക് പ്രതിമാസം നല്‍കുമെന്ന് പറഞ്ഞ 1000 രൂപ ഇതുവരെ നല്‍കിയിട്ടില്ല. 2027ല്‍ പഞ്ചാബിലും ഡല്‍ഹി ആവര്‍ത്തിക്കും.”പ്രതാപ് സിങ് ബാജ്വ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *