പ്രധാനമന്ത്രിയുടെ ദ്വിരാഷ്‌ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്‌ട്ര സന്ദര്‍ശനം ഇന്ന് തുടങ്ങും. യുഎസ്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ന് വൈകിട്ട് ഫ്രാന്‍സില്‍ എത്തുന്ന അദ്ദേഹം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ അത്താഴ വിരുന്നില്‍ പങ്കെടുക്കും. തുടര്‍ന്ന് നാളെ നടക്കുന്ന എഐ ഉച്ചകോടിയിലും അദ്ദേഹം മക്രോണിനൊപ്പം പങ്കെടുക്കും. തുടര്‍ന്ന് മാര്‍സെയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇരുവരും ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്യും.

ശേഷം ബുധനാഴ്‌ച ഫ്രാന്‍സില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഫെബ്രുവരി 13ന് വൈറ്റ് ഹൗസില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്തും. ട്രംപ്‌ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ചയാണിത്. ഇന്ത്യയില്‍ നിന്നും അനധികൃതമായി കുടിയേറിയവരെ തിരിച്ചയച്ച സംഭവം കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായേക്കും.

ഇനിയും ഇന്ത്യക്കാരെ തിരിച്ചയക്കാനിരിക്കേ മോദി നാടുകടത്തല്‍ വിഷയത്തെ കുറിച്ച് വിവരം ആരായുമെന്നാണ് പ്രതീക്ഷ. ഇനിയും 487 ഇന്ത്യക്കാരെ തിരിച്ചയക്കുമെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ തിരിച്ചയക്കുന്നവരില്‍ 298 പേരുടേത് ഒഴികെ മറ്റുള്ളവരെ കുറിച്ച് യാതൊരു വിവരങ്ങളും അമേരിക്ക ഇതുവരെ ഇന്ത്യക്ക് കൈമാറിയിട്ടില്ല.അമേരിക്കയില്‍ നിന്നും കടുത്ത അപമാനം നേരിട്ട വിഷയത്തില്‍ കേന്ദ്രം ഇപ്പോഴും മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് വിവാദങ്ങള്‍ ഉയരുന്നുണ്ട്. വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ പാര്‍ലമെന്‍റ് സമ്മേളനം പലപ്പോഴായി തടസപ്പെട്ടിരുന്നു. ഇതിനെല്ലാം ഇടയിലാണ് പ്രധാനമന്ത്രിയുടെ ദ്വിരാഷ്‌ട്ര സന്ദര്‍ശനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *