” അടുത്ത ഡൽഹി മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കും “: വീരേന്ദ്ര സച്ച്ദേവ(BJP ഡൽഹി പ്രസിഡന്റ് )

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്ന് ബിജെപി ഡൽഹി പ്രസിഡന്‍റ് വീരേന്ദ്ര സച്ച്ദേവ. കേന്ദ്ര നേതൃത്വം തന്നെയായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാണ് ഡല്‍ഹിയില്‍ വൻ മുന്നേറ്റം കാഴ്‌ചവയ്‌ക്കാൻ ബിജെപിക്ക് സാധിച്ചതെന്നും ബിജെപി ഡല്‍ഹി പ്രസിഡന്‍റ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഡൽഹിയിലെ വോട്ടർമാർ വികസനവും അഴിമതിരഹിത ഭരണവും തെരഞ്ഞെടുത്തു. ഡൽഹിയിൽ ബിജെപി ഒരു “ഇരട്ട എഞ്ചിൻ സർക്കാർ” കൊണ്ടുവരുമെന്നും അത് സ്ഥിരതയും പുരോഗതിയും ഉറപ്പാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
എഎപിയെയും അരവിന്ദ് കെജ്‌രിവാളിനെയും വീരേന്ദ്ര സച്ച്ദേവ രൂക്ഷമായി വിമര്‍ശിച്ചു. തകർന്ന റോഡുകൾ, മദ്യനയ വിവാദം, അഴിമതി തുടങ്ങിയ പ്രധാന വിഷയങ്ങൾ പരിഹരിക്കുന്നതിൽ ആംആദ്‌മി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. കെജ്‌രിവാൾ ഉത്തരവാദിത്തം ഒഴിയുകയും യഥാർഥ പ്രശ്‌നങ്ങളിൽ മൗനം പാലിക്കുകയും തെറ്റായ വാഗ്‌ദാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ജനങ്ങൾ എഎപിയുടെ ഭരണത്തിൻ കീഴിൽ ദുരിതമനുഭവിച്ചുവെന്നും ഇപ്പോൾ മാറ്റത്തിനായി വോട്ട് ചെയ്‌തെന്നും സച്ച്ദേവ കൂട്ടിച്ചേർത്തു. ഡൽഹി ദുതരിതമനുഭവിക്കുകയായിരുന്നു, അത് അവസാനിപ്പിക്കാൻ ജനങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ തെരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.