കുംഭമേളക്കിടെ വീണ്ടും തീപിടിത്തം( video)

പ്രയാഗ് രാജ് :കുംഭമേളക്കിടെ വീണ്ടും തീപിടിത്തം. ഇസ്കോണിന്റെ ക്യാമ്പിലാണ് ഇന്ന് തീപിടിത്തമുണ്ടായത് . സെക്ടർ 18 ശങ്കരാചാര്യ മാർഗിലെ മഹാ കുംഭമേള ക്ഷേത്രത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതിന് പിന്നാലെ സെക്ടർ 18ലെ സംഭവസ്ഥലത്തേക്ക് ഫയർ എൻജിനുകൾ എത്തിച്ചതായി ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ്മ അറിയിച്ചു. പ്രദേശത്ത് മുഴുവൻ പുക പരന്നത് അഖാഡകളിൽ ആശങ്ക പരത്തി.
തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. നിരവധി ക്യാമ്പുകളിലേക്ക് തീപടർന്നതിനാൽ വൻ ദുരന്തമുണ്ടാവുമെന്നാണ് ആശങ്ക. തീപിടിത്തമുണ്ടായ വിവരം യു.പി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഖാക് ചൗക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യോഗേഷ് ചതുർവേദിയാണ് ഇക്കാര്യം അറിയിച്ചത്. തുളസി ചൗരാഹക്ക് സമീപം തീപിടിത്തമുണ്ടായെന്നും ഫയർഫോഴ്സ് ഉടൻ രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം അറിയിച്ചു. കുംഭമേളക്കിടെയുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്ന് കുംഭമേള ഉദ്യോഗസ്ഥൻ വൈഭവ് കൃഷ്ണ പറഞ്ഞു. കഴിഞ്ഞ മാസവും മഹാകുംഭമേളക്കിടെ തീപിടിത്തമുണ്ടായിരുന്നു. സിലിണ്ടർ പൊട്ടിത്തെറിച്ച് അന്ന് 18 ടെന്റുകളാണ് കത്തിനശിച്ചിരുന്നത്