കിണറ്റിൽ വീണ ഭർത്താവിവിനു രക്ഷകയായത് ഭാര്യ

എറണാകുളം : കിണറ്റിൽ വീണ ഭർത്താവിനെ അതി സാഹസികമായി രക്ഷിച്ച് ഭാര്യ. പിറവം സ്വദേശി രമേശനെയാണ് ഭാര്യ പത്‌മം കിണറ്റിലറങ്ങി രക്ഷിച്ചത്. അറുപത്തി നാലുകാരനായ രമേശന്‍ രാവിലെ വീട്ടിലെ കുരുമുളക് വള്ളിയിൽ നിന്നും കുരുമുളക് പറിക്കുന്നതിനിടെയായിരുന്നു കിണറ്റിലേക്ക് വീണത്.
കുരുമുളക് പടർന്ന കൊന്ന മരം ഒടിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. 40 അടിയോളം താഴ്‌ചയുള്ള കിണറ്റിൽ ഭർത്താവ് വീഴുന്നത് കണ്ട ഭാര്യ പത്‌മം കയർ കെട്ടി കിണറ്റിലിറങ്ങുകയായിരുന്നു. ഒരാൾ പൊക്കത്തോളം വെള്ളമുള്ള കിണറ്റിലെ പടവുകളിൽ പിടിച്ച് കിടക്കുകയായിരുന്ന ഭർത്താവിനെ പത്മം താങ്ങി നിർത്തി.
അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഇരുപത് മിനിറ്റിനകം ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് സംഘം തങ്ങൾ കിണറ്റിൽ ഇറങ്ങണമോ, കുട്ട താഴ്ത്തി തന്നാൽ അതിൽ കയറാൻ കഴിയുമോയെന്ന് വിളിച്ച് ചോദിച്ചു. തനിക്ക് കുഴപ്പമില്ലന്നും ക്ഷീണിതനായ ഭർത്താവിനെ താൻ കുട്ടയിൽ കയറ്റാമെന്നും പത്‌മം മറുപടി നൽകി.